സെപ്റ്റംബർ 5 അധ്യാപക ദിനം: അധ്യാപകന്റെ വിളിയും ദൗത്യവും

അഡ്വ .ചാർളി പോൾ
…………………………..

അധ്യാപകൻ അനുഷ്ഠിക്കേണ്ട ധർമ്മത്തെക്കുറിച്ചും വിദ്യാർത്ഥികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ഓർമ്മപ്പെടുത്തുന്ന ദിനമാണ് അധ്യാപകദിനം. ആന്ധ്രയിലെ തിരുത്തണി ഗ്രാമത്തിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് എത്തിയ വിദ്യാഭ്യാസ വിചക്ഷണനും ദാർശനികനുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി 1962 മുതൽ ആചരിച്ചു പോരുന്നു. ഭാരതത്തെ ദാർശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയർത്തിയ മഹാനായ ഡോ. എസ്. രാധാകൃഷ്ണൻ എന്ന അധ്യാപകനെ അനുസ്മരിക്കുന്ന അധ്യാപകദിനത്തിൽ മഹത്തായ സാമൂഹിക ഉത്തരവാദിത്വവും കർത്തവ്യവും പുനരർപ്പണം ചെയ്യാൻ ഓരോ അധ്യാപകനും കഴിയണം.

ഒരു തൊഴിൽ എന്നതിനപ്പുറം അധ്യാപനത്തിന് വളരെ ഉന്നതമായ ഒരു സ്ഥാനമാണ് സമൂഹം കൽപ്പിച്ചു നൽകിയിട്ടുള്ളത്. ഓരോ സാമൂഹിക ചലനത്തിന്റെയും മാറ്റത്തിന്റെയും ഒക്കെ പിന്നിൽ ദൃശ്യമായോ അദൃശ്യമായോ ഒരു അധ്യാപകൻ ഉണ്ടായിരുന്നതായി ചരിത്ര സംഭവങ്ങൾ വിശകലനം ചെയ്താൽ ബോധ്യമാകും. ആ സാമൂഹികമായ പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെടുത്താതെ സ്വയം വിലയിരുത്തലിന് തയ്യാറായി നവദർശനങ്ങളെ വിഭാവനം ചെയ്യാനും കൈമോശം വന്ന നന്മകൾ വീണ്ടെടുക്കാനുള്ള അവസരമാണ് അധ്യാപക ദിനം.

ധർമ്മശോഷണവും കർമ്മശോഷണവും മൂല്യശോഷണവും ഒക്കെ സംഭവിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. വിദ്യാഭ്യാസം ഒരു സംസ്കാര
പ്രക്രിയയാണ്. വർഗീയത, വിഭാഗീയത , ലഹരിയാസക്തി, സങ്കുചിത കാഴ്ചപ്പാട്, അഴിമതി, സ്വജനപക്ഷപാതം, ധനാസക്തി, സാമൂഹിക കാഴ്ചപ്പാടിന്റെ അഭാവം, സ്വാർത്ഥത തുടങ്ങിയ പ്രതിലോമകരമായ കാര്യങ്ങൾ നമ്മുടെ ചുറ്റുപാടുകളിൽ നിറഞ്ഞാടുമ്പോൾ മൂല്യങ്ങളിൽ ഉറച്ചുനിന്ന് മൂല്യ സംരക്ഷകരാകുവാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടത് അധ്യാപകരാണ് .ശരിയായ സാമൂഹിക ചിന്തയിലൂടെ മാത്രമേ ഇത് മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. ശരിയായ രാഷ്ട്രബോധത്തിൻ്റെയും വിശ്വസാഹോദര്യത്തിൻ്റെയും മതേതരത്വത്തിന്റെയും മാനവികതയുടെയും വിത്തുകൾ കുട്ടികളുടെ ആത്മാവിൽ പകർന്നു കൊടുക്കാൻ അധ്യാപകന് കഴിയേണ്ടതുണ്ട് .നിർമ്മലവും സത്യസന്ധവും പാവനവുമായ പാഠങ്ങളാണ് കുട്ടികൾക്ക് ലഭിക്കേണ്ടത് .
കുട്ടികളുടെ മനസ്സിൽ ഒരിക്കലും വിഷവിത്തുകൾ വിതയ്ക്കരുത്.

വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം കേവലം വിജ്ഞാന വിനിമയവും വിജ്ഞാന മാർജ്ജിക്കലും അല്ല , മറിച്ച് മൂല്യബോധം പുതുതലമുറയ്ക്ക് പകർന്നു നൽകലാണ്. നന്നായി ജീവിക്കേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കേണ്ട വരും ജീവിച്ചു കാണിക്കേണ്ടവരുമാണ് അധ്യാപകർ. ഏറ്റവും മൂല്യമുള്ള സത്പ്രവർത്തിയായിട്ടാണ് അധ്യാപനത്തെ കാണുന്നത്.
ഡോ. എസ്. രാധാകൃഷ്ണൻ വിദ്യാഭ്യാസത്തിൻ്റെ മൗലിക ലക്ഷ്യം സ്വഭാവഗുണം ആർജ്ജിക്കലാണെന്ന് പറഞ്ഞു വയ്ക്കുന്നുണ്ട്. സ്വഭാവഗുണം ആർജിക്കാൻ പറ്റാത്ത വിദ്യാഭ്യാസം ആപത്ക്കരവും ഉപയോഗശൂന്യവുമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സത്യത്തിലേക്കുള്ള വഴികാട്ടിയും ചൂണ്ടുപലകയുമാകണം അധ്യാപകൻ. സാമൂഹ്യപ്രതിബദ്ധതയും സന്മാർഗ്ഗ ബോധവുമുള്ള പൗരസമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യം മാതാപിതാക്കൾക്കൊപ്പം അധ്യാപകർക്കു മുണ്ട്. അധ്യാപകർ സഹരക്ഷിതാക്കളാണ്. അധ്യാപകരുടെ വ്യക്തിത്വം, സ്വഭാവഗുണങ്ങൾ,സവിശേഷതകൾ, ജീവിതവിശുദ്ധി, വിജ്ഞാനം, അർപ്പണബോധം, ആത്മാർത്ഥത, പ്രതിബദ്ധത, ധാർമികത, പൗരബോധം എന്നിവയെല്ലാം കുട്ടികളെ സ്വാധീനിക്കും. പാഠ്യ പദ്ധതികൾക്കും പാഠപുസ്തകങ്ങൾക്കും അപ്പുറത്തേക്ക് ഇറങ്ങിച്ചെന്ന് ജീവിതമൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാൻ അധ്യാപകർക്ക് കടമയുണ്ട്. അധ്യാപകർ അവരുടെ നൈതികത കൈവിട്ടു കളഞ്ഞാൽ പൊതുസമൂഹത്തിന് സംഭവിക്കാവുന്ന ദുരന്തമായി അത് മാറും.

“ഞാൻ അധ്യാപകനല്ല, ഉണർത്തുപാട്ടുകാരനാണ് “
എന്ന് പറഞ്ഞത് റോബർട്ട് ഫ്രോസ്റ്റ് ആണ്.ഒരു ചെറു കോശത്തിൽ നിന്നാണ് മനുഷ്യന്റെ വളർച്ച ആരംഭിക്കുന്നത് .മാസ്റ്റേഴ്സ് ഡിഗ്രിയിലേക്ക് ഒരു കോശം വളരുന്നത് കാൽനൂറ്റാണ്ടുകളോളം ചെലവിട്ടാണ്.
ആ ചെറുകോശത്തിൻ്റെ നൈസർഗിക ശേഷി അളന്നു തിട്ടപ്പെടുത്താനാകില്ല. സത്യത്തിൽ വിദ്യാഭ്യാസ ലക്ഷ്യം ഒരു ചെറു കോശത്തിലെ അപാരമായ സാധ്യതകളെ ഉണർത്തിവിടുകയാണ്. വിവരശേഖരണത്തിനും വിവരസംസ്കരണത്തിനുമപ്പുറം ജീവിതം എന്ന ദിവ്യ പ്രകാശത്തിലേക്ക് വിദ്യാർത്ഥികളെ ഉണർത്തുന്ന ഉണർത്തുപാട്ട് പാട്ടുകാരാകണം അധ്യാപകർ.

“എല്ലാ കുട്ടികളും ജീനിയസുകളാണ് “എന്ന് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീൻ ആണ്. ഒരു കുട്ടിയിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തി, വളർത്തി അവനെ ജീനിയസാക്കുക എന്നതാണ് അധ്യാപകദൗത്യം.

ചിന്തകനായ ഫ്രോബലിൻ്റെ അഭിപ്രായത്തിൽ ശിശുവിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പ്രത്യക്ഷപ്പെടുത്തുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. അതിന് അധ്യാപകൻ നല്ലൊരു ട്രെയ്നറും മെന്ററുമായി മാറണം.ഒരുവനെ ഉത്തമ മനുഷ്യനാക്കി മാറ്റുവാനും അധ്യാപകന് കഴിയണം.

തത്വചിന്തകനായ
ജീൻ സൈബിലസ് പറഞ്ഞു, “അധ്യാപകൻ തലമുറകളുടെ ശില്പിയാണ്. ” ശിലയിൽ നിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതു പോലെ ഓരോ വിദ്യാർത്ഥിയെയും ഉത്തമ ശില്പങ്ങളായി വാർത്തെടുക്കുവാൻ അധ്യാപകന് കഴിയണം. തങ്ങളിലെ കഴിവുള്ള രാകിയെടുക്കാൻ കുട്ടികൾക്ക് അവസരം നൽകണം. അവർക്ക് താല്പര്യമുള്ള പദ്ധതികളിൽ സമയം മുഴുകി മസ്തിഷ്കവും മനസ്സും കൈകളും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴാണ് സർഗ്ഗശേഷി ഉണരുക. സർഗ്ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകൻ ത്വരിതപ്പെടുത്തണം .അധ്യാപകൻ കുട്ടികളെ സ്നേഹിക്കണം. മാർഗ്ഗദർശനം നടത്തണം. പ്രേരിപ്പിക്കണം. ദിശാബോധം പകരണം. സൗഹൃദപൂർണ്ണമായ ആശയവിനിമയം നടത്തണം. ബോധ്യാവബോ ധങ്ങൾ ഊട്ടിയുറപ്പിക്കണം. വിദ്യാർത്ഥികളുടെ സഹസഞ്ചാരിയാകണം. സുഹൃത്താകണം. പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും സമയം കണ്ടെത്തണം. വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുവാനും അവരുടെ ജീവിതവഴികളിൽ ദിശാസൂചകങ്ങളാകുവാനും കഴിയുമ്പോഴെ അധ്യാപനത്തിൻ്റെ വിശുദ്ധി പൂർണ്ണത കൈവരിക്കുകയുള്ളു.ഓരോ വിദ്യാർത്ഥിയും ഓരോ നിധിയാണ് .അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാൻ ഓരോ അധ്യാപകർക്കും കഴിയട്ടെ. അധ്യാപക ദിന ആശംസകൾ.

അഭിഭാഷകനും ട്രെയ്നറും മെൻ്ററുമായ ചാർളി പോൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലകനാണ്.

Leave a Reply

Your email address will not be published. Required fields are marked *