ചാലക്കുടി: ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ ബോധവൽക്കരണവും കായിക-സാമൂഹിക ഇടപെടലുകളും ശക്തമാക്കുന്നതിനായി ചാലക്കുടി എക്സൈസ് റേഞ്ച് വിമുക്തിയുടെയും കാതിക്കുടം നീറ്റ ജലാറ്റിൻ കമ്പനിയുടെ സഹകരണത്തോടെ ‘ഡ്രഗ് ഫ്രീ സ്കൂൾ’ എന്ന നൂതന പദ്ധതി നടപ്പാക്കുന്നു. ചാലക്കുടി നഗരസഭ, കാടുകുറ്റി, കൊരട്ടി ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ സ്കൂളുകളെയും തെരഞ്ഞെടുത്ത ട്രൈബൽ സ്കൂളുകളെയും കേന്ദ്രീകരിച്ചാണ് ഒരു വർഷം നീളുന്ന പദ്ധതി.
പദ്ധതിയുടെ സംഘാടക സമിതി രൂപീകരണ യോഗം ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്നു. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തുന്നതിന്റെ ഭാഗമായി സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുന്നതും പാഠ്യേതര പ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഓരോ സ്കൂളും പ്രത്യേക കായിക ഇനം തെരഞ്ഞെടുത്ത് വിദ്യാർത്ഥികൾക്ക് ഒരു വർഷം നീളുന്ന പരിശീലനം നൽകും. പരിശീലനത്തോടൊപ്പം റീഫ്രഷ്മെന്റ് സൗകര്യവും ഒരുക്കും.
വനിതാ-ശിശു വികസന വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകും. വിമുക്തി ഡി-അഡിക്ഷൻ സെന്ററിന്റെ നേതൃത്വത്തിൽ ആവശ്യമായവർക്ക് സൗജന്യ ചികിത്സയും ലഹരി വിരുദ്ധ പ്രവർത്തകർക്ക് ഏകദിന പരിശീലനവും സംഘടിപ്പിക്കും.
സ്കൂളുകളുടെ മുൻവശത്ത് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് സഹായകരമായ വിവര ബോർഡുകളും സ്ഥാപിക്കും. കൂടാതെ കരിയർ ഗൈഡൻസ് സെമിനാറുകൾ, വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനം തുടങ്ങിയവയും സംഘടിപ്പിക്കും.
യോഗത്തിൽ കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ്, കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി മാനുവൽ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി. പോൾ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വിനീത് രവി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മേനോൻ, നഗരസഭ കൗൺസിലർ വിൽസൺ പാണാട്ടുപറമ്പിൽ, എക്സൈസ് വിമുക്തി കോ-ഓർഡിനേറ്റർ കെ.കെ. രാജു, നീറ്റ മാനേജർ എബി നെൽസൺ എന്നിവർ പ്രസംഗിച്ചു. വിവിധ വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഒരു വർഷം നീളുന്ന ‘ഡ്രഗ് ഫ്രീ സ്കൂൾ’ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് 12 മണിക്ക് ചാലക്കുടിയിൽ സംസ്ഥാന സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു നിർവഹിക്കും.
ഒരു വർഷം നീളുന്ന ‘ഡ്രഗ് ഫ്രീ സ്കൂൾ’ പദ്ധതി; ലഹരിക്കെതിരെ ചാലക്കുടിയിൽ പുതിയ മുന്നേറ്റം





