സൗദിയിൽ ദാരുണ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് മരണം

തായിഫ്–റാനിയ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; മരിച്ചവരിൽ കോട്ടയം സ്വദേശികളായ ജെയ്‌സിമോളും ജോബിനയും
റിയാദ്: സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. അവധിദിനത്തിൽ റാനിയയിലെത്തിയ നഴ്‌സുമാരും മറ്റ് യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്.
കോട്ടയം അയർക്കുന്നം സ്വദേശി ജെയ്‌സിമോൾ മാത്യു (36), കുറുമല്ലൂർ സ്വദേശി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്മി, ഹെപ്‌സിബ എന്നിവരും വാഹനമോടിച്ചിരുന്ന സൗദി പൗരനും മരിച്ചു.
തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ, അൽ അവെയ്ല ക്ലിനിക്കുകളിൽ ജോലി ചെയ്തുവരികയായിരുന്നു ജെയ്‌സിമോളും ജോബിനയും. അവധിദിനത്തിൽ ഷോപ്പിംഗിനും മറ്റ് ആവശ്യങ്ങൾക്കുമായി റാനിയയിലെത്തിയതായിരുന്നു ഇവർ.
എക്‌സ്‌പ്രസ് വേയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ റാനിയയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ന്യൂസ് ഡെസ്ക് | കേരള ടൈംസ്

Leave a Reply

Your email address will not be published. Required fields are marked *