ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി.


​ഇടുക്കി : തമിഴ് മീഡിയത്തിൽ പഠിക്കുന്ന വിദ്യാർത്ഥിയെ അധ്യാപകൻ ശിവകുമാറാണ് മർദിച്ചതെന്നാണ് പരാതി. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
​തന്നെ മുട്ടിൽ നിർത്തിച്ച ശേഷം കാലിൽ ചവിട്ടിയെന്നും, വടി ഒടിയുന്നതുവരെ ചൂരൽ കൊണ്ട് പലതവണ അടിച്ചെന്നും കുട്ടി പറയുന്നു.
​പരിക്കേറ്റ കുട്ടി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ​

​ക്ലാസിൽ ഓടിനടന്ന കുട്ടിയോട് അടങ്ങിയിരിക്കാൻ പറഞ്ഞപ്പോൾ തന്നെ കളിയാക്കി പുറത്തേക്ക് ഓടിയെന്നാണ് അധ്യാപകൻ പറയുന്നത്.
​തിരിച്ചുവിളിച്ചുകൊണ്ടുവന്ന് മുട്ടിന് താഴെ രണ്ടടി കൊടുക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപകൻ വിശദീകരിക്കുന്നു.

​കുട്ടിയെ പരിശോധിച്ച ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് വണ്ടൻമേട് പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
​സംഭവം അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. വസ്തുതയറിയാൻ പിടിഎ കമ്മിറ്റി അംഗങ്ങൾ ഇന്ന് സ്കൂളിലെത്തി മറ്റ് കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.

Leave a Reply

Your email address will not be published. Required fields are marked *