ന്യൂഡൽഹി: ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച നീറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ, കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നതായി റിപ്പോർട്ട്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിലെ അപാകതകളും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കടുത്ത മങ്ങലേൽപ്പിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം. നീറ്റ് പരീക്ഷാ അട്ടിമറിയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനാറോളം വിദ്യാർത്ഥികൾ ജീവനൊടുക്കിയത് മോദി സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ജനരോഷം തണുപ്പിക്കാൻ ശക്തമായ നടപടികൾ അനിവാര്യമാണെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് സീഷെൽസിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ജൂൺ 29-ന് മടങ്ങിയെത്തും. ഇതിന് തൊട്ടുപിന്നാലെ മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് സൂചന. കടുത്ത പരീക്ഷണങ്ങൾ നേരിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ വലിയ മാറ്റങ്ങൾക്കാണ് സാധ്യത പ്രവചിക്കപ്പെടുന്നത്.
നിലവിലെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റി നിർത്തി, പൊതുസ്വീകാര്യതയുള്ള ധനമന്ത്രി നിർമ്മല സീതാരാമനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് പ്രധാനമന്ത്രി ആലോചിക്കുന്നത്. വിവാദങ്ങളിൽ പെടാത്ത നിർമ്മല സീതാരാമന്റെ സാന്നിധ്യം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.
മന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിനും പ്രാധാന്യം ലഭിക്കുമെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ വിശ്വസ്തനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ യുവനേതാവ് അനൂപ് ആന്റണിയെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായാണ് സൂചന. പ്രധാനമന്ത്രിയുമായി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തുന്ന അനൂപിന് മന്ത്രിസഭയിൽ ഇടം നൽകുന്നതിലൂടെ കേരളത്തിലെ ക്രൈസ്തവ ജനവിഭാഗങ്ങളിലേക്ക് കൂടുതൽ അടുക്കാനും ബിജെപിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ജൂൺ 29-ന് ശേഷം ഡൽഹിയിൽ നിർണായക രാഷ്ട്രീയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.




