നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയിരുന്ന കോച്ചിംഗ് ക്യാമ്പിൽ പരിശീലനം നേടിയ നേഹ വിനീഷ് ബാസ്ക്കറ്റ്ബോൾ കളിക്കാൻ തായ്വാനിലേക്ക്. തയ്വാനിലെ ചുവാങ് വി ജൂനിയർ ഹൈസ്കൂളിലേക്കാണ് നേഹക്ക് ഒരു വർഷത്തെ സ്കോളർഷിപ്പ് ഉള്ള പഠനത്തിന് അവസരം ലഭിച്ചത്. ഒരു വർഷത്തേക്ക് ബാസ്ക്കറ്റ്ബോൾ പരിശീലനം പഠനം താമസം എന്നിവ കൂടാതെ മാസം ഇരുപതിനായിരം രൂപ സ്റ്റൈപ്പന്റും ലഭിക്കും. തയ്വാനിൽ ഒരു മാസത്തെ പരിശീലനവും അതിനുശേഷം അവിടെ നടക്കുന്ന ഇന്റർനാഷണൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ചാലക്കുടിക്കാരായ വിനീഷ് ജോസിന്റെയും നിമ്മി വിനീഷിന്റെയും ഏക മകളാണ് നേഹ.
ചാലക്കുടിയിലെ 8 മാസത്തെ പരിശീലനത്തിനുള്ളിൽ തിരുവനന്തപുരം ക്യാപ്പിറ്റൽ ടീമിൽ ഇടം നേടുകയും ലീഗ് മത്സരം കളിക്കാൻ അവസരം ലഭിക്കുകയും ചെയ്തിരുന്നു.
അവിടെ നിന്ന് നേഹ ഉൾപ്പെടെ നാലുപേരെയാണ് തായ്വാനിലേക്ക് പോകാൻ തിരഞ്ഞെടുത്തത്. ചാലക്കുടി മുൻസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നഗരസഭയുടെ പരിശീലന ക്യാമ്പിൽ അന്താരാഷ്ട്ര ബാസ്ക്കറ്റ്ബോൾ താരങ്ങളായ യൂട്രീക് പെരേര സ്റ്റേഫി ഫി നിക്സൻ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം. മുനിസിപ്പൽ ചെയർപേഴ്സൺ ആലിസ് ഷിബുവിന്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിൽ നേഹക് യാത്രയയപ്പ് നൽകി. കൊരട്ടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന നേഹ ജൂലൈ ജൂലൈ ഏഴാം തീയതി അമ്മയോടൊപ്പം തായ്വാനിലേക്ക് പുറപ്പെട്ടു.




