​കൈകൂപ്പി തൊഴുതിട്ടും കാര്യമില്ല; വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ യാത്രാദുരിതം തുടർക്കഥയാകുന്നു

​വടക്കാഞ്ചേരി: വിദ്യാർത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത വീണ്ടും രൂക്ഷമാകുന്നു. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും വിവിധ സ്കൂളുകളിലേക്ക് പോകേണ്ട വിദ്യാർത്ഥികളെ ബസ്സുകളിൽ കയറ്റാതെ യാത്രാദുരിതത്തിലാക്കുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ പരാതിയുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി.
​രാവിലെ 7:30 നും 8:20 നും ഇടയിലുള്ള സമയത്ത് തിരൂർ, തൃശൂർ ഭാഗങ്ങളിലേക്ക് പോകേണ്ട കുട്ടികളെയാണ് കഴിഞ്ഞ ഒരാഴ്ചയിലധികമായി ബസ് ജീവനക്കാർ ബുദ്ധിമുട്ടിക്കുന്നത്. പിൻവാതിൽ അടച്ചുപൂട്ടിയും കണ്ടക്ടർമാർ തടഞ്ഞുനിർത്തിയുമാണ് കുട്ടികളോട് വിവേചനം കാണിക്കുന്നത്.
​മുമ്പ് സമാനമായ രീതിയിൽ ഇവിടെ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതിരുന്നത് സംസ്ഥാന വ്യാപകമായി വൻ ചർച്ചയായിരുന്നു. തുടർന്ന് ഏതാനും ദിവസങ്ങളിൽ മാത്രമാണ് ബസ് ജീവനക്കാർ മാന്യമായി പെരുമാറിയിരുന്നത്. എന്നാൽ വീണ്ടും പഴയപടി തന്നെ പെരുമാറ്റം തുടരുകയാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ 7:30 മുതൽ 8:45 വരെ കാത്തുനിന്നിട്ടും 11 വിദ്യാർത്ഥികൾക്ക് ബസ്സിൽ കയറാൻ സാധിക്കാത്തതിനെ തുടർന്ന് സ്കൂളിൽ പോകാനാകാതെ വീടുകളിലേക്ക് മടങ്ങേണ്ടി വന്നു.
​നിയമം ലംഘിക്കുന്ന ബസ്സുകളുടെ വിവരങ്ങൾ സഹിതമാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പോലീസിൽ പരാതി നൽകിയിട്ടുള്ളത്. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥരും വടക്കാഞ്ചേരി പോലീസും ബസ് സ്റ്റാൻഡിലെത്തി ജീവനക്കാർക്ക് ശക്തമായ താക്കീത് നൽകി.
​വരും ദിവസങ്ങളിലും പരാതി ആവർത്തിച്ചാൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടികൾ സ്വീകരിക്കുമെന്ന് MVD ഉദ്യോഗസ്ഥരായ AMVI ഷീബ, സെന്തിൽ എന്നിവർ വ്യക്തമാക്കി. ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *