വടക്കാഞ്ചേരിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം; ഭീതിയിൽ ഇരുനൂറോളം കുടുംബങ്ങൾ

​വടക്കാഞ്ചേരി: നഗരസഭയിലെ ഇരട്ടക്കുളങ്ങര ഡിവിഷനിൽപ്പെട്ട പടിഞ്ഞാട്ടുമുറി, ഞാറക്കുളങ്ങര പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം അതിരൂക്ഷമാകുന്നു. വൈകുന്നേരമാകുന്നതോടെ വീടിന്റെ ഭിത്തികൾ, മതിലുകൾ, റോഡുകൾ എന്നിവിടങ്ങളിലെല്ലാം നൂറുകണക്കിന് ഒച്ചുകളാണ് കൂട്ടത്തോടെ അരിച്ചെത്തുന്നത്.
​ശംഖിന്റെ വലുപ്പത്തിലുള്ള വലുതും ചെറുതുമായ ഒച്ചുകൾ പെറ്റുപെരുകുന്നത് പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ശല്യം കാരണം കുട്ടികളെ വീടിന് പുറത്തിറക്കാൻ പോലും മാതാപിതാക്കൾ ഭയക്കുന്നു. രാവിലെയും വൈകുന്നേരവും ഇവയ്ക്ക് മുകളിൽ ഉപ്പുലായനി തളിച്ചു നശിപ്പിക്കുകയാണ് നാട്ടുകാർ ഇപ്പോൾ ചെയ്യുന്നത്.
​റോഡുകളിൽ വാഹനങ്ങൾ കയറി ചത്തുവീഴുന്ന ഒച്ചുകൾ മഴവെള്ളത്തിൽ കലരുന്നതുമൂലം പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും ചർമ്മരോഗങ്ങൾ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളും പടരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങളാണ് നിലവിൽ ഈ ദുരിതം അനുഭവിക്കുന്നത്.
​വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ പ്രദേശത്ത് രണ്ടുതവണ മരുന്ന് തളിച്ചെങ്കിലും ഒച്ചുകളുടെ വംശവർദ്ധനവ് തടയാൻ കഴിഞ്ഞിട്ടില്ല. കേവലം മരുന്ന് പ്രയോഗത്തിനപ്പുറം സയന്റിഫിക്കായ ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *