​എ. ഐ. നന്മയ്ക്കായി ഉപയോഗിക്കണം; ദുരുപയോഗത്തിനെതിരെ ജാഗ്രത വേണം: ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ

ഇരിങ്ങാലക്കുട: നിർമിത ബുദ്ധി (എ.ഐ) സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉപകരിക്കുന്നതാകണമെന്നും, ഇതിന്റെ ദുരുപയോഗത്തിനെതിരെ ഭരണാധികാരികളും സമൂഹവും ജാഗ്രത പുലർത്തണമെന്നും ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ. അനിയന്ത്രിതമായ എ.ഐ വിനിയോഗം വ്യക്തികൾക്കും സമൂഹത്തിനും ഒരുപോലെ ഹാനികരമാണെന്ന് സമ്മേളനം മുന്നറിയിപ്പ് നൽകി.
​’എ.ഐ യുഗവും മനുഷ്യമഹത്വവും’ എന്ന വിഷയത്തിൽ രൂപതയിലെ 141 ഇടവകകളിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചാണ് കൗൺസിൽ സംഘടിപ്പിച്ചത്. ലെയോ പതിനാലാമൻ മാർപ്പാപ്പയുടെ പ്രഥമ ചാക്രികലേഖനം ആസ്പദമാക്കിയായിരുന്നു ചർച്ച. യുദ്ധം, വ്യക്തിഹത്യ, സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നിവയ്ക്കായി എ.ഐ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് സഭ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
​17-ാമത് പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സാങ്കേതികവിദ്യ മനുഷ്യനുവേണ്ടിയുള്ളതാണെന്നും അത് മനുഷ്യനെ അടിമയാക്കരുതെന്നും ഓർമിപ്പിച്ചു. എ.ഐയെ മനുഷ്യൻ നിയന്ത്രിക്കുകയും പൊതുനന്മയ്ക്കായി പ്രയോജനപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
​സി.ബി.സി.ഐ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി റവ. ഡോ. തോമസ് വടക്കേൽ വിഷയാവതരണം നടത്തി. എ.ഐ മനുഷ്യന്റെ അന്തസ് നിലനിർത്താനും മെച്ചപ്പെട്ട മാനവിക സംസ്കാരം രൂപപ്പെടുത്താനും ഉപകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
​റവ. ഡോ. ലിന്റോ കുറ്റിക്കാടൻ, സിസ്റ്റർ ഡോ. ഇസബെൽ, കെ.ജെ. ജെറിൻ, ഡിംബിൾ റിഷൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ആൻലിൻ ഫ്രാൻസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച രൂപതാംഗങ്ങളെ ആദരിച്ചു. വികാരി ജനറാൾ മോൺ. ആന്റൂ ആലപ്പാടൻ സ്വാഗതവും ജനറൽ സെക്രട്ടറി റവ. ഡോ. റിജോയ് പഴയാറ്റിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *