തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട; 3,030 ലിറ്റർ സ്പിരിറ്റ് പിടികൂടി

തൃശൂർ: ഓണക്കാലത്ത് അമിതലാഭത്തിന് വ്യാജമദ്യം നിർമ്മിച്ച് വിൽക്കാനുള്ള നീക്കം തൃശൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തടഞ്ഞു. മണ്ണുത്തി കാളത്തോടിൽ വാടകയ്‌ക്കെടുത്ത വീട് ഗോഡൗണാക്കി 101 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 3,030 ലിറ്റർ സ്പിരിറ്റ് പോലീസ് പിടികൂടി. സ്പിരിറ്റ് എത്തിച്ച പിക്കപ്പ് വാനിന്റെ ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പ്രത്യേക പരിശോധനയുടെ ഭാഗമായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസ്.യുടെ നേതൃത്വത്തിലാണ് നടപടി.
കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സിറ്റി നർക്കോട്ടിക് സെൽ എ.സി.പി. ഷിബു പി.യുടെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് സബ് ഇൻസ്പെക്ടർ ബി. പിൻ. പി. നായരും സംഘവും, മണ്ണുത്തി പോലീസ് ഇൻസ്പെക്ടർ ബിജുവും സംഘവും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്.
കാളത്തോടിലെ ഗോഡൗണിലേക്ക് സ്പിരിറ്റ് പിക്കപ്പ് വാനിൽ എത്തിച്ചുകൊണ്ടിരിക്കെയാണ് അന്തിക്കാട് കുന്നത്തങ്ങാടി ഇല്ലിക്കൽ വീട്ടിൽ അജയ് ഇ. സുരേഷ് (28) പിടിയിലായത്.
ഓണക്കാലത്ത് ജില്ലയിലെ വിവിധയിടങ്ങളിൽ അമിതവിലയ്ക്ക് വിൽപ്പന നടത്തുന്നതിനായാണ് സ്പിരിറ്റ് സംഭരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാറ്ററി വാട്ടർ കച്ചവടത്തിനായി വാടകയ്‌ക്കെടുത്ത വീടാണ് സ്പിരിറ്റ് സൂക്ഷിക്കുന്നതിനായി ഗോഡൗണാക്കി മാറ്റിയിരുന്നത്.
സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് കമ്മീഷണർ അറിയിച്ചു. വൻതോതിലുള്ള സ്പിരിറ്റ് ശേഖരം പിടികൂടിയതോടെ ഓണക്കാലത്ത് ഉണ്ടാകുമായിരുന്ന വ്യാജമദ്യ നിർമ്മാണവും വിൽപ്പനയും തടയാൻ സാധിച്ചതായി പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *