ഹൈക്കോടതിക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ കോടതി സമുച്ചയം; ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഹൈക്കോടതിക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ കോടതി സമുച്ചയമായ ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്.
പുതിയ സാങ്കേതികവിദ്യകൾക്കനുസൃതമായി ആധുനിക സൗകര്യങ്ങളോടെയാണ് ഇരിങ്ങാലക്കുടയിലെ കോടതി സമുച്ചയം നിർമിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രകൃതിദുരന്തങ്ങളിൽ മരിച്ചവർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. കോടതി സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിന് സഹകരിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജി എസ്. ഈശ്വരൻ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.എസ്. ലിയോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹൈക്കോടതി ജഡ്ജി പി.വി. കുഞ്ഞികൃഷ്ണൻ സ്വാഗതവും തൃശൂർ ജില്ലാ പ്രിൻസിപ്പൽ ജഡ്ജി പി.എസ്. ശശികുമാർ നന്ദിയും പറഞ്ഞു.

ഏഴുനിലകളിലായി
93.25 കോടി രൂപ ചെലവഴിച്ച് 80 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമായി 1.68 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് കോടതി സമുച്ചയം നിർമിച്ചിരിക്കുന്നത്.
പത്ത് കോടതികളും അനുബന്ധ സൗകര്യങ്ങളും കൂടാതെ നൂറ് കാറുകൾക്കും ടൂവീലറുകൾക്കും പാർക്കിങ് സൗകര്യവും സമുച്ചയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. റെക്കോർഡ് റൂം, ഇലക്ട്രിക് സബ്‌സ്റ്റേഷൻ, ജനറേറ്റർ, ബാർ അസോസിയേഷൻ ഓഫീസ്, മീഡിയ റൂം, സെൻട്രൽ ലൈബ്രറി തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
നൂതന സാങ്കേതിക സംവിധാനങ്ങളോടെയുള്ള പുതിയ കോടതി സമുച്ചയം ഇരിങ്ങാലക്കുടയിലെ നീതിന്യായ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യവും കാര്യക്ഷമതയും നൽകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *