ഹെൽത്തി കേരള: തൃശൂരിൽ 1106 ഭക്ഷണശാലകളിൽ പരിശോധന; സ്റ്റാർ ഹോട്ടൽ അടപ്പിച്ചു

തൃശൂർ: ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ 1106 ഭക്ഷ്യനിർമാണ-വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ജില്ലാ സർവൈലൻസ് ഓഫീസർ, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ പ്രാദേശിക പൊതുജനാരോഗ്യ അധികാരി, ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ സംയുക്തമായാണ് ആരോഗ്യ-ശുചിത്വ പരിശോധന നടത്തിയത്.

കേരള പഞ്ചായത്ത് രാജ്, മുനിസിപ്പൽ നിയമങ്ങൾ ലംഘിച്ച വിവിധ സ്ഥാപനങ്ങൾക്ക് 65,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. കേരള പൊതുജനാരോഗ്യ നിയമപ്രകാരം 96 സ്ഥാപനങ്ങൾക്ക് കുറവുകൾ പരിഹരിക്കാൻ നിയമനോട്ടീസും നൽകി.
വടക്കാഞ്ചേരി മുനിസിപ്പൽ പരിധിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും മലിനജലം പുറത്തേക്ക് ഒഴുക്കുകയും ചെയ്ത ഒരു സ്റ്റാർ ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടി.
ദേശീയ പുകയില നിയന്ത്രണ നിയമം ലംഘിച്ച സ്ഥാപനങ്ങളിൽനിന്നും പൊതുസ്ഥലത്ത് പുകവലിച്ചവരിൽനിന്നുമായി 5,400 രൂപ പിഴ ഈടാക്കി.
ഓണാഘോഷങ്ങളുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ജില്ലയിൽ വയറിളക്ക രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷണവും കുടിവെള്ളവും കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു.
തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കാൻ നൽകുക, കിണറുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക, ഉപയോഗിക്കുന്ന വെള്ളം അംഗീകൃത ലാബിൽ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുക, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ നിയമാനുസൃത ഹെൽത്ത് കാർഡ് കൈവശം വയ്ക്കുക, കുടിവെള്ള ടാങ്കുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക, സ്ഥാപനവും പരിസരവും പൊതുജനാരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിൽ പരിപാലിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകി.
ജില്ലാ പൊതുജനാരോഗ്യ അധികാരിയും ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജുമായ ഡോ. എൻ.എ. ഷീജയാണ് നിർദേശങ്ങൾ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *