ചാലക്കുടി: സംസ്ഥാന പോലീസ് സ്പോർട്സ് മീറ്റ് 2026ന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരള പോലീസ് മാരത്തോണിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചാലക്കുടിയിൽ പോലീസ് മാരത്തോണും ബുള്ളറ്റ് മോട്ടോർസൈക്കിൾ റാലിയും സംഘടിപ്പിച്ചു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. നേതൃത്വത്തിൽ ചാലക്കുടി സബ് ഡിവിഷൻ പോലീസ് സംഘടിപ്പിച്ച മാരത്തോൺ, കലാഭവൻ മണി പാർക്കിൽ നിന്ന് ആരംഭിച്ച് നോർത്ത് ജംഗ്ഷൻ വഴി ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റേഷനിൽ സമാപിച്ചു. ദേശീയ വോളിബോൾ താരം യൂജിൻ പെരേര മരത്തൂർ ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ പോലീസ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, വിവിധ സംഘടനാ പ്രവർത്തകർ, വ്യാപാരി-വ്യവസായി പ്രതിനിധികൾ, മോട്ടോർസൈക്കിൾ ക്ലബ് അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി 500ലധികം പേർ പങ്കെടുത്തു. സമാപന സമ്മേളനം ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ആലിസ് ഷിബു അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഓ.bഎസ്. ചന്ദ്രൻ, കൗൺസിലർ വി ജെ ജോജി, ഫോറോന വികാരി ഫാ. വര്ഗീസ് പാത്താടൻ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കുര്യാക്കോസ്, സർക്കിൾ ഇൻസ്‌പെക്ടർ രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ചാലക്കുടി പോലീസ് സൂപ്രണ്ട് തൂഫാൻ വാരിയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ലഹരിവിരുദ്ധ ടാബ്ലോ അവതരിപ്പിച്ചു. കുറ്റിക്കാട് എച്ച്.എസ്.എസ്., നാരങ്ങാടി എം.ആർ.എസ്. എന്നിവിടങ്ങളിലെ വിദ്യാർഥികൾ ലഹരിവിരുദ്ധ ഫ്ലാഷ് മോബും, എൻ എസ് എസ് സ്കൂൾ വിദ്യാർത്ഥികളുടെ ബാൻഡ് വാദ്യവും എസ് എം എ കരാട്ടെ വിദ്യാർത്ഥികളുടെ മാർഷൽ ആർട്സും റാലിയിൽ അണിനിരന്നു.
ഇതോടനുബന്ധിച്ച് ചാലക്കുടി സബ് ഡിവിഷൻ പോലീസിന്റെ നേതൃത്വത്തിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ റാലിയും സംഘടിപ്പിച്ചു. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച റാലി ആനമല ജംഗ്ഷൻ വഴി കാഞ്ഞിരപ്പള്ളി വാട്ടർ തീം പാർക്കിൽ സമാപിച്ചു. നൂറിലധികം പേർ ബുള്ളറ്റ് റാലിയിൽ പങ്കെടുത്തു. നഗരസഭാ ചെയർപേഴ്സൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
സർക്കിൾ ഇൻസ്പെക്ടർമാരായ സന്ദീപ് കെ.എസ്., ഫക്രുദിൻ, മോട്ടോർസൈക്കിൾ ക്ലബ് അംഗം ജോയ്സി, ഡ്രീം വേൾഡ് മാനേജർ രതീഷ് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
ലഹരിക്കെതിരെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ അണിനിരത്തുകയും കായിക സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ന്യൂസ് ഡെസ്ക് കേരളടൈംസ്.




