കോടശേരി: ചാലക്കുടി–മലക്കപ്പാറ അന്താരാഷ്ട്ര പാതയുടെ സമാന്തര പാതയായി പ്രധാന ഗതാഗതമാർഗമായി ഉപയോഗിക്കുന്ന കുറ്റിച്ചിറ–ചായ്പൻകുഴി റോഡ് തകർന്നും കുഴികൾ നിറഞ്ഞും യാത്രാദുരിതം രൂക്ഷമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ പല ഭാഗങ്ങളിലും രൂപപ്പെട്ട വലിയ കുഴികൾ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. പ്രദേശത്തെ പൊതുഗതാഗതത്തിനും ഏറെ ആശ്രയിക്കുന്ന റോഡിലൂടെ ബസുകൾ മാത്രം പ്രതിദിനം 98 സർവീസുകൾ നടത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിലെ കുഴികളിലൂടെ ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകുമ്പോൾ വലിയ കുലുക്കവും ശബ്ദവും ഉണ്ടാകുന്നതായി യാത്രക്കാർ പറയുന്നു. ബസ് കുഴിയിൽ വീഴുമ്പോൾ യാത്രക്കാർ സീറ്റിൽ നിന്ന് തെറിക്കുന്ന സാഹചര്യം വരെയുണ്ടാകുന്നതായും പരാതിയുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അവയുടെ ആഴം തിരിച്ചറിയാൻ കഴിയാത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
റോഡിന്റെ ഏകദേശം 300 മീറ്റർ ദൂരമാണ് നിലവിൽ കൂടുതൽ തകർന്ന നിലയിലുള്ളത്. ഈ ഭാഗത്തെ കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രധാന ഗതാഗതപാതയായ ചായ്പൻകുഴി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും, അടിയന്തരമായി കുഴികൾ അടച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് | കേരള ടൈംസ്



