മേലൂർ: പൂലാനി വി.ബി. എൽ.പി., യു.പി. നഴ്സറി സ്കൂളുകളുടെ സംയുക്താഭിമുഖ്യത്തിൽ ‘ജീവിതമാണ് ലഹരി’ എന്ന സന്ദേശമുയർത്തി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ലഹരിക്കെതിരായ അവബോധം വളർത്തുന്നതിനും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിനുമായിരുന്നു സെമിനാർ.
ചാലക്കുടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. രാജു സെമിനാർ നയിച്ചു. ലഹരി ഉപയോഗത്തിലേക്ക് കുട്ടികൾ എത്തിപ്പെടാനുള്ള സാഹചര്യങ്ങൾ, ലഹരിയുടെ ആരോഗ്യ-സാമൂഹിക പ്രത്യാഘാതങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും വഹിക്കാവുന്ന പങ്ക് തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദീകരിച്ചു. വി.ബി. യു.പി.എസ്. പി.ടി.എ പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു. സെമിനാർ നയിച്ച അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. രാജുവിന് സ്കൂൾ മാനേജർ ടി.കെ. ആദിത്യവർമരാജ ഉപഹാരം നൽകി.
എൽ.പി. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.എസ്. സാജു, വി.ബി. യു.പി.എസ്. പ്രധാനാധ്യാപിക കെ.ബി. വിദ്യാദേവി, വി.ബി. എൽ.പി.എസ്. പ്രധാനാധ്യാപിക വി. പ്രീജ എന്നിവർ പ്രസംഗിച്ചു.
കുട്ടികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലിയുടെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്നതായിരുന്നു സെമിനാർ.
ന്യൂസ് ഡെസ്ക് കേരളടൈംസ്.





