ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ആറുമാസമായി മുടങ്ങിക്കിടക്കുന്ന നേത്ര ശസ്ത്രക്രിയകൾ അടിയന്തരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിൽ രണ്ട് ഡോക്ടർമാർ ഒരേസമയം സേവനം ചെയ്യുന്നുണ്ടെന്നും ആഴ്ചയിൽ മൂന്ന് ദിവസം രോഗികളെ പരിശോധിക്കുന്നതിനായി മാറ്റിവച്ചിട്ടുണ്ടെന്നും ശേഷിക്കുന്ന ദിവസങ്ങളിൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള സൗകര്യമുണ്ടായിട്ടും ഓപ്പറേഷനുകൾ മുടങ്ങിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.
നേത്ര ശസ്ത്രക്രിയ ലഭിക്കാതെ കാഴ്ചക്കുറവുള്ള തിമിര രോഗികൾ ഏറെ ദുരിതമനുഭവിക്കുകയാണ്. പ്രധാനമായും വയോജനങ്ങളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണ് താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്. ശസ്ത്രക്രിയ നടക്കാത്തതിനാൽ ചികിത്സയ്ക്കായി എത്തുന്ന പലരും നിരാശരായി മടങ്ങേണ്ട സാഹചര്യമാണുള്ളത്.
ഒരുകാലത്ത് ഇന്ത്യയിലെ തന്നെ മികച്ച താലൂക്ക് ആശുപത്രികളിലൊന്നായി പരിഗണിക്കപ്പെട്ടിരുന്ന ചാലക്കുടി താലൂക്ക് ആശുപത്രിയുടെ നിലവിലെ അവസ്ഥയിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ചാലക്കുടി മണ്ഡലം കമ്മിറ്റി രംഗത്തെത്തി. നേത്ര ശസ്ത്രക്രിയകൾ അടിയന്തരമായി പുനരാരംഭിക്കുന്നതിനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു. സാജു കിഴക്കൂടൻ, പുഷ്പകരൻ, വിൽസൻ മേലേടത്ത്, വേലായുധൻ, ബിൽസി ജോയ് എന്നിവർ പ്രസംഗിച്ചു.
ന്യൂസ് ഡെസ്ക് കേരളടൈംസ്





