അൽ ഐൻ (യു. എ. ഇ.): സെന്റ് മേരീസ് കാത്തലിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവാസി മലയാളികളുടെ, പാരമ്പര്യവും സംസ്കാരവും സൗഹൃദവും ഒത്തൊരുമയും വിളിച്ചോതി ‘ഒന്നിച്ചൊരു ഓണം 2026’ ആഘോഷം സംഘടിപ്പിച്ചു. കുവൈത്താത്ത് ലുലുവിൽ നടന്ന ആഘോഷത്തിൽ അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റും യോഗ അധ്യക്ഷനുമായ ബിജു ആന്റണി ആഘോഷം ഉദ്ഘാടനം ചെയ്തു.
അൽ ഐൻ സെന്റ് മേരീസ് പള്ളി വികാരി ഫാ. ആൻഡ്രൂ ഫ്രാൻസിസ്,
വേൾഡ് മലയാളി കൗൺസിൽ വൈസ് പ്രസിഡന്റ് സാം വർഗീസ്, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മെമ്പർ ടി.വി.എൻ. കുട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു. അസോസിയേഷൻ വൈസ് പ്രസിഡന്റ് വിൻസമ്മ ജാനുമോൻ ആശംസകൾ നേർന്നു.
സെക്രട്ടറി ടിജോ തോമസ് സ്വാഗതവും ട്രഷറർ ബൈജു നന്ദിയും പറഞ്ഞു.
ചടങ്ങിൽ 2025–2026 അധ്യയന വർഷത്തെ സ്കോളർഷിപ്പ് അവാർഡുകളും ഫിഫ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
വിവിധ കലാപരിപാടികളും ഓണക്കളികളും ആഘോഷത്തിന് കൂടുതൽ നിറവും ആവേശവും പകർന്നു. ഓണത്തിന്റെ പാരമ്പര്യ സ്മരണകൾ പുതുക്കുന്നതിനൊപ്പം, പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിപ്പിക്കുന്ന വേദിയായി ആഘോഷം മാറി.
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഓണത്തിന്റെ സഹോദര്യസന്ദേശവും നെഞ്ചേറ്റി, അൽ ഐനിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയും കുടുംബപങ്കാളിത്തവും പ്രകടമാക്കിയ ‘ഒന്നിച്ചൊരു ഓണം 2026’ ശ്രദ്ധേയമായി.
ന്യൂസ്ഡെസ്‌ക് കേരളടൈംസ്.




