മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 2025-ൽ ഇന്ത്യയിൽ ആകെ 747 വിദേശ പൗരന്മാർ അറസ്റ്റിലായതായി റിപ്പോർട്ട്.

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവരിൽ ഏറ്റവും കൂടുതൽ പേർ പിടിയിലായത് നേപ്പാളിൽ നിന്നുള്ളവരാണ്.എൻസിബിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 2025-ൽ ഇന്ത്യയിൽ ആകെ പിടിയിലായ 747 വിദേശ പൗരന്മാരിൽ 203 പേർ നേപ്പാളിൽ നിന്നുള്ളവരാണ്. നൈജീരിയ (143), മ്യാൻമർ (97), എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിയിലായി.ബംഗ്ലാദേശിൽ നിന്ന് 17 പേരും, കെനിയയിൽ നിന്ന് 10 പേരും ഘാനയിൽ നിന്ന് 9 പേരും ഉഗാണ്ടയിൽ നിന്ന് 6 പേരും പിടിയിലായിട്ടുണ്ട്. റഷ്യ, ബ്രസീൽ, ഇസ്രായേൽ, സെനഗൽ, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്ന് നാല് പേർ വീതവും അറസ്റ്റിലായി.അഫ്ഗാനിസ്ഥാൻ, കാമറൂൺ, ജർമ്മനി, ജപ്പാൻ, സുഡാൻ, സ്വീഡൻ എന്നിവയുൾപ്പെടെയുള്ള മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. ഏകദേശം 203 വിദേശ പൗരന്മാരുടെ രാജ്യം തിരിച്ചുള്ള വിശദാംശങ്ങൾ എൻസിബിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.അതേസമയം, 2024-ൽ 660 വിദേശ പൗരന്മാർ അറസ്റ്റിലായ സ്ഥാനത്താണ് 2025-ൽ എണ്ണം 747 ആയി ഉയർന്നത്. 2023-ൽ ഇത് 735 ആയിരുന്നു, 2022-ൽ 777 വിദേശ പൗരന്മാ‌ർ പിടിയിലായപ്പോൾ 2021-ൽ 593 പേരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *