തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തി നൽകുന്നതിനുള്ള ഫീസ് സംസ്ഥാന സർക്കാർ കുത്തനെ വർധിപ്പിച്ചു. നിലവിൽ ഈടാക്കിയിരുന്ന 30 രൂപയിൽ നിന്ന് അഞ്ചിരട്ടിയായി 150 രൂപയാക്കിയാണ് ഫീസ് ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്.
ഗസറ്റ് നോട്ടിഫിക്കേഷൻ വഴി പേര് മാറ്റിയതിന്റെ അടിസ്ഥാനത്തിൽ, എസ്എസ്എൽസി ബുക്കിൽ തിരുത്തൽ വരുത്താൻ പരീക്ഷാ കമ്മിഷണർക്ക് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ ഇതിനായി പ്രത്യേക ഫീസ് അന്ന് നിശ്ചയിച്ചിരുന്നില്ല. തന്മൂലം മറ്റ് സാധാരണ തിരുത്തലുകൾക്ക് ഈടാക്കുന്ന 30 രൂപ തന്നെയാണ് ഇതിനും വാങ്ങിയിരുന്നത്. പുതിയ സർട്ടിഫിക്കറ്റ് അച്ചടിക്കുന്നതിനും മറ്റുമുള്ള ചെലവുകൾ കണക്കിലെടുക്കുമ്പോൾ ഈ തുക വളരെ കുറവാണെന്ന് പരീക്ഷാ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു.
തുടർന്ന് ഫീസ് 150 രൂപയായി വർധിപ്പിക്കാൻ കേരള നിയമസഭ, വിദ്യാഭ്യാസ സബ്ജക്ട് കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്തു. ഈ നിർദേശം പരിശോധിച്ച ശേഷമാണ് ഫീസ് വർധിപ്പിച്ചുകൊണ്ടുള്ള അന്തിമ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.

