കോഴിക്കൂട്ടിൽ കുടുങ്ങി മലമ്പാമ്പ്!​

വരവൂർ: വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ കയറി കോഴികളെ കൂട്ടത്തോടെ വിഴുങ്ങിയ മലമ്പാമ്പ് ഒടുവിൽ വനംവകുപ്പിന്റെ പിടിയിലായി. വരവൂർ ചരലിൽ പീടികയിൽ ആലിയുടെ വീടിന് സമീപത്തെ കോഴിക്കൂട്ടിലാണ് മലമ്പാമ്പ് കുടുങ്ങിയത്. കോഴികളെ യഥേഷ്ടം അകത്താക്കിയതോടെ ശരീരഭാരം കാരണം പാമ്പിന് പിന്നീട് അവിടെനിന്ന് ഇഴഞ്ഞുപോകാൻ സാധിച്ചില്ല.​ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് വീട്ടുകാർ കോഴിക്കൂട് തുറക്കാനെത്തിയപ്പോൾ ഉള്ളിൽ ഭീമാകാരനായ മലമ്പാമ്പിനെ കണ്ട് ഞെട്ടിയത്. പരിഭ്രാന്തിയിലായ വീട്ടുകാർ ഉടൻ തന്നെ വാർഡ് മെമ്പർ എൻ. എസ്. സജീഷിനെ വിവരമറിയിച്ചു. തുടർന്ന് മെമ്പർ പൂങ്ങോട് ഫോറസ്റ്റ് ഓഫിസുമായി ബന്ധപ്പെടുകയായിരുന്നു.​ഉടൻ തന്നെ ഫോറസ്റ്റ് സംഘവും പ്രശസ്ത പാമ്പുപിടുത്തക്കാരൻ പ്രേംദാസും സ്ഥലത്തെത്തി. ഏറെ പ്രയത്നത്തിനൊടുവിൽ പ്രേംദാസ് പാമ്പിനെ സുരക്ഷിതമായി പിടികൂടി. തുടർന്ന് വനംവകുപ്പ് ജീവനക്കാർക്ക് കൈമാറിയ മലമ്പാമ്പിനെ ജനവാസ മേഖലയില്ലാത്ത വനത്തിനുള്ളിലേക്ക് തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *