
ചാലക്കുടി: മലക്കപ്പാറയിലെ തോട്ടപ്പുര വ്യൂ പോയിന്റിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിയെ പോലീസും വനവകുപ്പും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പാവറട്ടി സ്വദേശി അർജുനാണ് അപകടത്തിൽപ്പെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയിലേക്ക് എത്തിയ സംഘം തോട്ടപ്പുര വ്യൂ പോയിന്റിൽ വാഹനം നിർത്തി കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ അർജുൻ കാൽവഴുതി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മലക്കപ്പാറ എസ്.ഐ. ജൈസൻ, വനവകുപ്പ് വാച്ചർ ഗിരീഷ്, സഞ്ചാരികളുടെ വാഹന ഡ്രൈവർ അനുരാജ് എന്നിവർ ചേർന്ന് അതിസാഹസികമായ രക്ഷാപ്രവർത്തനം നടത്തി അർജുനെ സുരക്ഷിതമായി മുകളിലെത്തിച്ചു. തുടർന്ന് ആവശ്യമായ പ്രാഥമിക ശുശ്രൂഷയും ഉറപ്പാക്കി.




