കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം അഭിമാനകരമായ കര്‍മ്മസേന : മന്ത്രി രമേശ് ചെന്നിത്തല

കേരളം, പുതുച്ചേരി ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരുടെ സംയുക്ത പാസ്സിംഗ് ഔട്ട് പരേഡില്‍ ആഭ്യന്തര മന്ത്രി അഭിവാദ്യം സ്വീകരിച്ചു

ഭാഷയ്‌ക്കോ ഏതൊരുതരത്തിലുള്ള വേര്‍തിരിവുകള്‍ക്കോ അപ്പുറം നിന്നുകൊണ്ട്, മനുഷ്യജീവനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും അഭിമാനകരമായ ഒരു കര്‍മ്മസേനയാണ് കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമെന്ന് ആഭ്യന്തര, വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിയ്യൂര്‍ കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ നിന്നും അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ കേരളത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരുടെയും പുതുച്ചേരി ഫയര്‍ സര്‍വീസില്‍ നിന്ന് പരിശീലനത്തിനെത്തിയ എക്‌സ്റ്റേണല്‍ ഫയര്‍മാന്‍ കോഴ്‌സിലെ പരിശീലനാര്‍ത്ഥികളുടെയും സംയുക്ത പാസ്സിംഗ് ഔട്ട് പരേഡില്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു അപകടമുണ്ടാകുമ്പോള്‍, ആളുകള്‍ പരിഭ്രാന്തരായി നില്‍ക്കുന്ന നിമിഷത്തില്‍, ഏറ്റവും വേഗത്തില്‍ അവിടെ ഓടിയെത്തി ജീവന്റെ കാവലാളായി മാറുന്നവരാണ് കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം.ആ വേഗതയും സമയബന്ധിതമായ ഇടപെടലുമാണ് ഈ സേനയുടെ ഏറ്റവും വലിയ കരുത്തെന്ന് മന്ത്രി പറഞ്ഞു. മറ്റാര്‍ക്കും എത്താന്‍ കഴിയാത്തിടത്തേക്ക് കടന്നുചെല്ലാനും, ആളുകളുടെ പ്രതീക്ഷയും ധൈര്യവുമായി മാറാനും തയ്യാറാകുന്നവരുടെ യൂണിഫോമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രകൃതിദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലുമെല്ലാം ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന വലിയ ദൗത്യം കൂടി ഏറ്റെടുക്കുന്നതുകൊണ്ടാണ്, കേരളം ഈ സേനയെ ‘ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്’ എന്ന് പുനര്‍നാമകരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.

പരിശീലന കാലയളവില്‍ നേടിയ അറിവും നൈപുണ്യവും ആത്മവിശ്വാസവും അച്ചടക്കവും സേവനകാലം മുഴുവന്‍ ഫലപ്രദമായി വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. തീപിടിത്തങ്ങളില്‍ മാത്രമല്ല, വിവിധ അപകടങ്ങളിലും ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന വിഭാഗമാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസെന്നും, ജനങ്ങള്‍ ദുരിതത്തിലും ഭയത്തിലും കഴിയുന്ന സാഹചര്യങ്ങളില്‍ രക്ഷയുടെ കരങ്ങളായി സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഫലപ്രദമായി ഉപയോഗിച്ച് സേവനമികവ് ഉയര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസില്‍ പുതുതായി ചേരുന്നവര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കി പുതുച്ചേരി ഫയര്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു.

വിയ്യൂര്‍ കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ നിന്നും അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ 74 ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരും 16 ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) മാരും, പുതുച്ചേരി ഫയര്‍ സര്‍വീസില്‍ നിന്ന് പരിശീലനത്തിനായി എത്തിയ 10-മത് എക്‌സ്റ്റേണല്‍ ഫയര്‍മാന്‍ കോഴ്‌സിലെ 39 പരിശീലാനാര്‍ത്ഥികളും 11-മത് എക്‌സ്റ്റേണല്‍ ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ കോഴ്‌സിലെ 12 പരിശീലനാര്‍ത്ഥികളും ഉള്‍പ്പെടെ ആകെ 141 പരിശീലനാര്‍ത്ഥികളുടെ സംയുക്ത പാസ്സിംഗ് ഔട്ട് പരേഡ് കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്നത്.

പരിപാടിയിൽ എം എല്‍.എ രാജന്‍ ജെ. പല്ലന്‍, കേരളം ഫയര്‍ ആല്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോംഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) അരുണ്‍ അല്‍ഫോണ്‍സ്, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി ടി. നാരായണന്‍, കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ഐ.ജി കെ. സേതുരാമന്‍, ജില്ലാ പോലീസ് മേധാവി (സിറ്റി) നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ജില്ലാ പോലീസ് മേധാവി (റൂറല്‍) മുഹമ്മദ് നദീമുദ്ദീന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ എം.എസ്. സുവി, അഷ്‌റഫ് അലി എന്നിവര്‍ സന്നിഹിതരായിരുന്നു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.എല്‍. ദിലീപ് പരിശീലനാര്‍ത്ഥികള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

പാസ്സിംഗ് ഔട്ടില്‍ പങ്കെടുക്കുന്ന 141 പരിശീലനാര്‍ത്ഥികളില്‍ എം.എ യോഗ്യതയുള്ള 3 പേരും, എം.കോം യോഗ്യതയുള്ള 2 പേരും, എം.എസ്.സി യോഗ്യതയുള്ള 3 പേരും, എം.സി.എ, എം.എഡ്, എം.എസ്.ഡബ്ല്യു യോഗ്യതയുള്ള ഒരാള്‍ വീതവും ഉള്‍പ്പെടുന്നു. ബി.എ., ബി.കോം യോഗ്യതയുള്ള 26 പേര്‍ വീതവും, ബി.എസ്.സി യോഗ്യതയുള്ള 22 പേരും, ബി.ടെക് യോഗ്യതയുള്ള 20 പേരും, ബി.സി.എ യോഗ്യതയുള്ള 6 പേരും, ഡിപ്ലോമ യോഗ്യതയുള്ള 7 പേരും, ഐ.ടി.ഐ യോഗ്യതയുള്ള 7 പേരും, പ്ലസ് ടു യോഗ്യതയുള്ള 16 പേരും പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി.

പരിശീലനത്തിന്റെ ഭാഗമായി അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനം, അടിയന്തര സാഹചര്യങ്ങളെ നേരിടല്‍, വിവിധ രക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, ഫയര്‍ഫൈറ്റിംഗ് സാങ്കേതികവിദ്യകള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പരിശീലനാര്‍ത്ഥികള്‍ക്ക് പ്രായോഗികവും സാങ്കേതികവുമായ പരിശീലനം നല്‍കി. ശാരീരികക്ഷമത, അച്ചടക്കം, സേവന മനോഭാവം എന്നിവ വളര്‍ത്തുന്നതിനും പരിശീലനത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കി.

കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ അടിസ്ഥാന, ഇന്‍-സര്‍വീസ്, എക്‌സ്റ്റേണല്‍ പരിശീലനങ്ങളിലൂടെ അഗ്‌നിശമന, രക്ഷാപ്രവര്‍ത്തന മേഖലകളിലെ ആധുനിക സാങ്കേതികവിദ്യകള്‍ക്കും പ്രായോഗിക പരിശീലനത്തിനും പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിലൂടെ അക്കാദമി ദേശീയതലത്തിലുള്ള പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

ന്യൂസ് ഡെസ്ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *