ചാലക്കുടിയിൽജനപ്രതിനിധികൾ ഒറ്റക്കെട്ടായി: പുറമ്പോക്കിലെ അനധികൃത കെട്ടിടം ഉടമ പൊളിച്ചു മാറ്റി

​ചാലക്കുടി: കൗൺസിലർമാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് സൗത്ത് ജങ്ഷനിലെ പള്ളി സ്റ്റോപ്പിനടുത്ത് ഇറിഗേഷൻ പുറമ്പോക്കിൽ നിർമ്മിച്ച അനധികൃത കെട്ടിടം ഗത്യന്തരമില്ലാതെ ഉടമ തന്നെ പൊളിച്ചു മാറ്റി.
​കക്ഷിരാഷ്ട്രീയം മറന്ന് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ഒറ്റക്കെട്ടായി നടത്തിയ ഇടപെടലാണ് ഒടുവിൽ നിർമ്മിതി പൊളിച്ചു നീക്കുന്നതിലേക്ക് നയിച്ചത്. നഗരസഭാ ചെയർപേഴ്സൺ ആലീസ് ഷിബു, വൈസ് ചെയർപേഴ്സൺ കെ.വി. പോൾ, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജിൽ ആന്റണി, കൗൺസിലർമാരായ അൽഫോൻസ ചാക്കോ, വി.ജെ. ജോജി, വിൽസൺ പാണാട്ടുപറമ്പിൽ എന്നിവർ മുൻപ് സംഭവസ്ഥലം സന്ദർശിച്ച് നിർമ്മാണം ഉടൻ നിർത്തിവെക്കണമെന്നും കെട്ടിടം പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.
​ആഴ്ചകൾക്ക് മുൻപ് എൽ.ഡി.എഫ് കൗൺസിലർമാരാണ് പുറമ്പോക്കിലെ അനധികൃത നിർമ്മാണ വിഷയം ആദ്യമായി ഉന്നയിച്ചത്. തുടർന്ന് ഇവിടെ കച്ചവടം ആരംഭിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. കെട്ടിടം പൊളിച്ചുമാറ്റാമെന്ന നഗരസഭാ സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് അന്ന് സമരം അവസാനിപ്പിച്ചതെങ്കിലും വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു.
​തുടർന്ന് സമരം കടുപ്പിക്കുമെന്ന ഘട്ടത്തിൽ നഗരസഭാ സെക്രട്ടറി നിർമ്മാണം നിർത്തിവെക്കാൻ സ്റ്റോപ്പ് മെമ്മോ നൽകി. കൗൺസിലർമാരുടെ ഭാഗത്തുനിന്ന് ശക്തമായ സമ്മർദ്ദം തുടർന്നതോടെ, ഞായറാഴ്ച കൗൺസിലർമാരായ ജിൽ ആന്റണി, അൽഫോൻസാ ചാക്കോ, വി.ജെ. ജോജി, വിൽസൺ പാണാട്ടുപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ കെട്ടിട ഉടമ തന്നെ നിർമ്മിതി പൂർണ്ണമായും പൊളിച്ചു നീക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *