ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിക്കണം; അമിത പാർക്കിംഗ് ഫീസ് പിൻവലിക്കണം: ആം ആദ്മി പാർട്ടി

ചാലക്കുടി: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്ന് ആം ആദ്മി പാർട്ടി ചാലക്കുടി മണ്ഡലം കമ്മിറ്റി. എന്നാൽ സ്റ്റേഷന്റെ വികസനത്തോടൊപ്പം യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ പൂർണ പ്രയോജനം യാത്രക്കാർക്ക് ലഭിക്കണമെങ്കിൽ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കേണ്ടത് അനിവാര്യമാണ്.
മുനിസിപ്പാലിറ്റി, താലൂക്ക്, നിയമസഭാ മണ്ഡലം, പാർലമെന്റ് മണ്ഡലം എന്നിവയുടെ ആസ്ഥാനമായ ചാലക്കുടി, തൃശൂർ ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ്. കൊരട്ടി ഇൻഫോപാർക്ക്, കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, വിവിധ വ്യവസായ സ്ഥാപനങ്ങൾ, അതിരപ്പിള്ളി–വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രമുഖ വിദ്യാഭ്യാസ-ആരാധനാ സ്ഥാപനങ്ങൾ എന്നിവയുടെ പ്രധാന ആശ്രയകേന്ദ്രം കൂടിയാണ് സ്റ്റേഷൻ.
തൃശൂരിനും ആലുവയ്ക്കും ഏകദേശം തുല്യദൂരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന സ്റ്റേഷനായിട്ടും സമീപ വർഷങ്ങളിൽ പുതിയ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിക്കപ്പെട്ടിട്ടില്ല. കോവിഡ് കാലത്ത് പിൻവലിച്ച പല സ്റ്റോപ്പുകളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
പാലരുവി എക്സ്പ്രസിന് ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിക്കാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിരവധി തവണ ഉറപ്പുകൾ ലഭിച്ചിട്ടും സ്റ്റോപ്പ് അനുവദിക്കുന്നതിൽ നടപടിയുണ്ടായിട്ടില്ല. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പാലരുവി എക്സ്പ്രസിന് നിരവധി സ്റ്റോപ്പുകളുള്ളപ്പോൾ തൃശൂർ ജില്ലയിൽ രണ്ട് സ്റ്റോപ്പുകൾ മാത്രമാണുള്ളത്. ചാലക്കുടിയുടെ യാത്രാ പ്രാധാന്യം പരിഗണിച്ച് പാലരുവി എക്സ്പ്രസിന് ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
അമിത പാർക്കിംഗ് ഫീസിലും പ്രതിഷേധം
റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് സൗകര്യത്തിന് യാത്രക്കാരിൽനിന്നും അമിതമായ ഫീസ് ഈടാക്കുന്നതിലും ആം ആദ്മി പാർട്ടി മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
റെയിൽവേ സ്റ്റേഷനിൽ സ്വന്തം വാഹനങ്ങളുമായി എത്തുന്ന സാധാരണ യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന തരത്തിലുള്ള പാർക്കിംഗ് ഫീസ് ഈടാക്കുന്നത് പുനഃപരിശോധിക്കണം. യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കിൽ സുതാര്യമായ പാർക്കിംഗ് സംവിധാനം ഒരുക്കണമെന്നും അനാവശ്യമായ അധിക ചാർജുകൾ ഒഴിവാക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സ്റ്റേഷന്റെ വികസനം യാത്രക്കാരുടെ സൗകര്യത്തിനും പൊതുജന താൽപര്യത്തിനും വേണ്ടിയുള്ളതാകണമെന്നും വികസനത്തിന്റെ പേരിൽ യാത്രക്കാരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി.
ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കണം
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇനിയും നടപ്പാക്കാനുള്ള പ്രധാന വികസന പ്രവർത്തനങ്ങൾക്ക് അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്ലാറ്റ്ഫോമുകളുടെ വടക്കേയും തെക്കേയും അറ്റങ്ങളിലെ ഷെൽട്ടറുകൾ വിപുലീകരിക്കുക, ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തുക, തെക്കുഭാഗത്തെ പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന ഫുട് ഓവർബ്രിഡ്ജ് നിർമിക്കുക, പടിഞ്ഞാറുഭാഗത്ത് പുതിയ പ്രവേശന-പുറത്തുകടക്കൽ കവാടവും പാർക്കിംഗ് സൗകര്യവും ഒരുക്കുക, അധിക പ്ലാറ്റ്ഫോമുകൾ നിർമിക്കുക, റേക്ക് ക്ലിയറിംഗ് സൗകര്യം വികസിപ്പിക്കുക തുടങ്ങിയവ അടിയന്തരമായി നടപ്പാക്കണം.
റെയിൽവേ യാർഡിൽ അസംസ്കൃത വസ്തുക്കൾ ഇറക്കുമ്പോൾ ഉണ്ടാകുന്ന സ്പില്ലേജും മഴ നനയുന്നതുമൂലം ഉണ്ടാകുന്ന അസഹ്യമായ ദുർഗന്ധവും ഒഴിവാക്കുന്നതിനും ആവശ്യമായ ശാസ്ത്രീയ നടപടികൾ സ്വീകരിക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
ചാലക്കുടിയുടെ യാത്രാ, വാണിജ്യ, വ്യവസായ, വിനോദസഞ്ചാര പ്രാധാന്യം കണക്കിലെടുത്ത് റെയിൽവേ മന്ത്രാലയവും റെയിൽവേ ബോർഡും ചാലക്കുടിയുടെ ആവശ്യങ്ങൾക്ക് അടിയന്തര പരിഗണന നൽകണം.
പാലരുവി എക്സ്പ്രസ് ഉൾപ്പെടെയുള്ള കൂടുതൽ അനുയോജ്യമായ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, അമിത പാർക്കിംഗ് ഫീസ് ഒഴിവാക്കുക, ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾക്കായി ചാലക്കുടിയിലെ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകളും യാത്രക്കാരുടെ കൂട്ടായ്മകളും ഒറ്റക്കെട്ടായി ഇടപെടണമെന്നും ആം ആദ്മി പാർട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ബിനോയ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വിൽസൻ കല്ലൻ, മണ്ഡലം ഭാരവാഹികളായ സാജു കിഴക്കൂടൻ, ഹരീഷ് കുമാർ, ബിൽസി ജോയ്, ബാബു പി. പി., വിത്സൻ എം. ഐ., പുഷ്പാകരൻ, മാത്യൂസ് പാപ്പി, വേലായുധൻ, പാലി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *