ജില്ലാതല അധ്യാപക ദിനാഘോഷം എംഎൽഎ രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ ജില്ലാതല അധ്യാപക ദിനാഘോഷം ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്നു. എംഎൽഎ രാജൻ ജെ. പല്ലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരു അധ്യാപകന്റെ സ്വാധീനം ജീവിതത്തിൽ എല്ലാകാലത്തും ഉണ്ടാകും എന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ വാചകങ്ങൾ ഉദ്ധരിച്ചാണ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ അധ്യാപകരെ ഓർത്തുകൊണ്ടാണ് എംഎൽഎ അധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചത്. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷയായി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഈ വർഷത്തെ പാരന്റ് ടീച്ചർ അസോസിയേഷൻ സംസ്ഥാന മാതൃകാ അധ്യാപക അവാർഡ് നേടിയ തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ഡോ. കെ.പി. ബിന്ദുവിനെ സമഗ്ര ശിക്ഷാ കേരളം തൃശൂർ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ സാലിഹ് പുളിയഞ്ഞാലിൽ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ അധ്യാപക കലോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ അധ്യാപകരെയും ടി.ടി.ഐ. കലോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.

തൃശ്ശൂർ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി. ഷൈല സ്വാഗതം ആശംസിച്ച ചടങ്ങിൽ തൃശ്ശൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി. ശ്രീജ, ഹയർസെക്കൻഡറി വിഭാഗം ജില്ലാ കോർഡിനേറ്റർ കെ.എ. വർഗീസ്,
ഇരിഞ്ഞാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചാർജ് വഹിക്കുന്ന എം.എസ് രാജീവ്, പ്രോഗ്രാം കൺവീനർ എൻ. ലിജോ ലൂയിസ്, അധ്യാപക സംഘടന ഭാരവാഹികൾ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, പ്രധാന അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ന്യൂസ് ഡെസ്ക് കേരള ടൈംസ്

Leave a Reply

Your email address will not be published. Required fields are marked *