ഏറ്റുമാനൂർ: യുകെയിൽ അന്തരിച്ച അൽ ഐൻ മുൻ പ്രവാസി ജോഷി ജെയിംസ് ചിറക്കലിന് അൽ ഐനിലെ സുഹൃത്തുക്കൾ ഏറ്റുമാനൂരിൽ അന്ത്യാഞ്ജലി അർപ്പിച്ചു. Fraternity in Al Ain വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഏകോപിപ്പിച്ചാണ് അൽ ഐനിലെ നിരവധി സുഹൃത്തുക്കൾ ജോഷിയുടെ സംസ്കാരശുശ്രൂഷയിൽ പങ്കെടുത്തത്.
അൽ ഐനിൽ വർഷങ്ങളോളം ഒരുമിച്ച് ജീവിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തവരുടെ സ്നേഹവും സഹോദരബന്ധവും പ്രകടമാക്കുന്നതായിരുന്നു ഈ ഒത്തുചേരൽ.
അൽ ഐനിൽ നിന്നുള്ള നിരവധി സുഹൃത്തുക്കൾ ദൂരദേശങ്ങളിൽ നിന്ന് എത്തി ജോഷിക്ക് അന്തിമോപചാരം അർപ്പിച്ചു. ഇതോടെ ജോഷിയുടെ സംസ്കാരശുശ്രൂഷ നടന്ന ഏറ്റുമാനൂർ അൽ ഐനിലെ സൗഹൃദ കൂട്ടായ്മയുടെ ഒരു സംഗമവേദിയായി മാറി.
അൽ ഐനിലെ വിവിധ സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് പുഷ്പചക്രങ്ങൾ സമർപ്പിക്കുകയും ജോഷിയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥന നടത്തുകയും ചെയ്തു. Fraternity in Al Ain-ന്റെ പേരിലും പുഷ്പചക്രം സമർപ്പിച്ചു.
സംസ്ക്കാര ശുശ്രൂഷയിൽ കപ്പൂച്ചിൻ സഭയുടെ പ്രൊവിൻഷ്യാളും അൽ ഐനിലെ മുൻ വികാരിയുമായ ഫാ. സ്റ്റാലിൻ നടത്തിയ ഹൃദയസ്പർശിയായ അനുസ്മരണ പ്രസംഗം ചടങ്ങിൽ പങ്കെടുത്തവരെ വികാരഭരിതരാക്കി. ജോഷിയുമായുള്ള സൗഹൃദവും അൽ ഐനിലെ മലയാളി സമൂഹത്തിൽ അദ്ദേഹം വഹിച്ച സജീവമായ പങ്കും അനുസ്മരണത്തിൽ പരാമർശിച്ചു.
സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഏറ്റുമാനൂർ സെമിത്തേരിക്ക് സമീപമുള്ള ഹോട്ടൽ അർക്കാഡിയ ഹാളിൽ അൽ ഐനിലെ സുഹൃത്തുക്കൾ ഒത്തുചേർന്ന് അനുശോചനയോഗം നടത്തി. ജോഷിയുടെ ആത്മാവിന് നിത്യശാന്തി നേർന്ന് പ്രാർത്ഥിച്ച സുഹൃത്തുക്കൾ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും അനുശോചനം അറിയിച്ചു. ജോഷിയുടെ എല്ലാമായ ഭാര്യ ജെമ്മയെയും മക്കൾ ജെറിൻ ജെസ്ലിൻ എന്നിവരെയും ആശ്വസിപ്പിച്ച അൽ ഐൻ സുഹൃത്തുക്കൾ,
അൽ ഐനിൽ രൂപപ്പെട്ട സൗഹൃദവും സഹോദരബന്ധവും കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകണമെന്ന സന്ദേശത്തോടെയാണ് ഏറ്റുമാനൂരിനോട് വിട പറഞ്ഞത്.
ജോഷിയുടെ വേർപാടിന്റെ വേദനയിലും പരസ്പരം താങ്ങായി നിൽക്കാനും സൗഹൃദബന്ധം കാത്തുസൂക്ഷിക്കാനുമുള്ള പ്രതിബദ്ധതയും സുഹൃത്തുക്കൾ പങ്കുവെച്ചു.
ന്യൂസ് ഡെസ്‌ക് | കേരള ടൈംസ്


