
തൃശൂര്‍ : വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേല്‍ വിന്‍സെന്റിന്റെ മകള്‍ നവോമി (23) ക്കാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എയര്‍ ആംബുലന്‍സില്‍ എത്തിക്കും. ഹൃദയം അടക്കം നവോമിയുടെ ആറ് അവയവങ്ങള്‍ ദാനം ചെയ്യും.
നാളെ രാവിലെ 9 മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടു പോകുന്നത്
കഴിഞ്ഞ മാസം 25ന് കൊട്ടാരക്കര വാളകത്ത് കാറും പാഴ്സല്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നവോമി. 24ന് രാത്രി അമ്മ ജിപ്സിയും സഹോദരന് ജോയലും ചേര്‍ന്ന് തിരുവനന്തപുരത്തേക്ക് ജോലി ആവശ്യത്തിന് പോകുമ്പോഴാണ് പുലര്‍ച്ചെ നാലുമണിയോടെ അപകടം സംഭവിച്ചത്.
ഗുരുതരമായി പരുക്കേറ്റ നവോമിയെ കൊട്ടാരക്കര വിജയ ഹോസ്പ്പിറ്റലിൽ നിന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ അമ്മയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു. ഖോ ഖോ താരമായിരുന്ന നവോമി രജിഷ വിജയന് പ്രധാന വേഷത്തിലെത്തിയ ‘ഖോ ഖോ’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ സൈക്കോളജിയില്‍ പി.ജി. ബിരുദം നേടി ആദ്യമായി കിട്ടിയ ജോലിക്കായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. പിതാവ് : വിൻസെന്റ്. അമ്മ : ജീപ്സി. സഹോദരങ്ങള്‍: എയ്ഞ്ചല്‍, ജോയല്‍.


