“നേത്രദാനം മഹത്തായ ദാനം; 1600-ലേറെ പേർക്ക് കാഴ്ചയേകി ഐ ബാങ്ക് അസോസിയേഷൻ കേരള”

അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ഐ ബാങ്ക് അസോസിയേഷൻ കേരളയും സംയുക്തമായി സംഘടിപ്പിച്ച 41-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം പ്രശസ്ത നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു.
കാഴ്ചയുള്ളവർ ഏറെ ഭാഗ്യവാന്മാരാണെന്നും കാഴ്ചയില്ലാത്തവർക്ക് വെളിച്ചം പകരുന്ന വലിയൊരു ആതുരാലയമാണ് ലിറ്റിൽ ഫ്ലവർ ആശുപത്രിയെന്നും ജൂഡ് ആന്റണി ജോസഫ് പറഞ്ഞു. സിനിമകളിലും മാധ്യമങ്ങളിലും അവയവദാനത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞ് നിരവധി പേർ നേത്രദാനത്തിനും അവയവദാനത്തിനും മുന്നോട്ടുവരുന്നത് പ്രത്യാശ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഐ ബാങ്ക് അസോസിയേഷൻ കേരള 1600-ലധികം ദാതാക്കളിൽ നിന്ന് കണ്ണുകൾ സ്വീകരിക്കുകയും അത്രയും പേർക്ക് കോർണിയൽ ട്രാൻസ്പ്ലാന്റേഷനിലൂടെ കാഴ്ച പുനഃസ്ഥാപിക്കാൻ സഹായിക്കുകയും ചെയ്തതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിറ്റിൽ ഫ്ലവർ ആശുപത്രി ജോയിന്റ് ഡയറക്ടറും ഐ ബാങ്ക് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറിയുമായ ഫാ. വർഗീസ് പൊന്തേമ്പിള്ളി അധ്യക്ഷത വഹിച്ചു. കേരള സർക്കാരിന്റെ കെസോട്ടോ (K-SOTTO) ഏർപ്പെടുത്തിയ മികച്ച നേത്രബാങ്കിനുള്ള അംഗീകാരവും ഏറ്റവും കൂടുതൽ നേത്രപടലം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിനുള്ള പുരസ്കാരവും ലിറ്റിൽ ഫ്ലവർ ആശുപത്രിക്കും ഐ ബാങ്ക് അസോസിയേഷൻ കേരളയ്ക്കും ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രിയപ്പെട്ടവരുടെ വിയോഗവേളയിലും നേത്രദാനത്തിന് സന്മനസ്സോടെ മുന്നോട്ടുവരുന്ന കുടുംബങ്ങളുടെ പിന്തുണയാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
ജുവിൻ രാജുവിന്റെ കുടുംബത്തെ ആദരിച്ചു
അവയവദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തിയ അന്തരിച്ച ജുവിൻ രാജുവിന്റെ കുടുംബത്തെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. മരണാനന്തരം ഏഴ് പേർക്ക് ജീവനും വെളിച്ചവുമായി മാറിയ ജുവിൻ രാജുവിന്റെ കുടുംബത്തിന്റെ മാതൃകാപരമായ തീരുമാനത്തിനാണ് ആദരം. ജുവിൻ രാജുവിന്റെ അമ്മ ബീന രാജു വർഷങ്ങളായി ഐ ബാങ്ക് അസോസിയേഷൻ കേരളയുടെ നേത്രബാങ്ക് വോളണ്ടിയറായി പ്രവർത്തിച്ചുവരികയാണ്.
ഐ ബാങ്ക് അസോസിയേഷൻ കേരള മെഡിക്കൽ ഡയറക്ടർ ഡോ. അനീറ്റ ജബ്ബാർ സ്വാഗതം പറഞ്ഞു. അങ്കമാലി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. എം. സലിം, ഐ ബാങ്ക് അസോസിയേഷൻ കേരള വൈസ് പ്രസിഡന്റ് ഡോ. സി. വി. ആൻഡ്രൂസ്, കൺവീനർ അഡ്വ. ജോയ് പി. എഫ്., നേത്രബാങ്ക് വോളണ്ടിയർ ജെസ്റ്റോ പോൾ എന്നിവർ സംസാരിച്ചു.
വിവിധ വിഭാഗങ്ങളിലെ അവാർഡുകൾ ഐ ബാങ്ക് അസോസിയേഷൻ കേരള സീനിയർ മാനേജർ സിജോ ജോസും ഓപ്പറേഷൻസ് മാനേജർ ജയേഷ് സി. പാറക്കലും പ്രഖ്യാപിച്ചു.
കഴിഞ്ഞ ഒരു വർഷക്കാലം നേത്രദാന പ്രവർത്തനങ്ങളിൽ ഐ ബാങ്ക് അസോസിയേഷൻ കേരളയോടൊപ്പം ചേർന്ന് വിവിധ പ്രദേശങ്ങളിൽ നേത്രദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇരുനൂറോളം വോളണ്ടിയർമാരെയും സന്നദ്ധ സംഘടനകളെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. വോളണ്ടിയർമാരുടെ നിസ്വാർത്ഥമായ കൂട്ടായ പ്രവർത്തനമാണ് നേത്രപടലങ്ങൾ ശേഖരിക്കുന്നതിന് വലിയ പിന്തുണ നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.
ഐ ബാങ്ക് അസോസിയേഷൻ കേരള വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ആന്റണി കൃതജ്ഞത രേഖപ്പെടുത്തി.
രണ്ടാഴ്ച നീണ്ടുനിന്ന നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ റാലികളും കർമ്മപരിപാടികളും സംഘടിപ്പിച്ചിരുന്നു. ലിംസാർ (LIMSAR) ഒപ്റ്റോമെട്രി ഇന്റേൺഷിപ്പ് വിദ്യാർഥികൾ അവതരിപ്പിച്ച നേത്രദാന സന്ദേശമുയർത്തിയ ഫ്ലാഷ് മോബും വിവിധ കലാപരിപാടികളും സമാപന സമ്മേളനത്തിന് മാറ്റുകൂട്ടി.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *