ചേലക്കര: തോട്ടേക്കോട് കാരക്കുണ്ട് പാലത്തിന് സമീപത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എട്ട് വെടിയുണ്ടകളാണ് പ്രദേശത്ത് നിന്ന് ഇതുവരെ പോലീസ് കണ്ടെടുത്തത്.
തിങ്കളാഴ്ച രാവിലെ നടത്തിയ തെരച്ചിലിൽ ആദ്യ ഘട്ടത്തിൽ മൂന്ന് വെടിയുണ്ടകൾ ലഭിച്ചിരുന്നു. തുടർന്ന് പോലീസ് സ്ഥലം കേന്ദ്രീകരിച്ച് നടപ്പിലാക്കിയ വിശദമായ തെരച്ചിലിലാണ് അഞ്ചെണ്ണം കൂടി കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ വലിയ ഭീതിയിലാണ്. പുലർച്ചെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിൽ പ്രദേശത്തുകൂടി പതിവായി അപരിചിതമായ വാഹനങ്ങൾ കടന്നുപോകാറുള്ളതായി നാട്ടുകാർ വ്യക്തമാക്കുന്നു. മുൻപ് ഇത് സമീപവാസികളുടെ തന്നെ വാഹനങ്ങളായിരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും, വെടിയുണ്ടകൾ കണ്ടെത്തിയതോടെ ഈ രാത്രികാല വാഹനസഞ്ചാരത്തിൽ ദുരൂഹതയേറിയിരിക്കുകയാണ്.
വെടിയുണ്ടകൾ ഇവിടെ എങ്ങനെ എത്തി, ഇതിനുപിന്നിൽ ആരാണ്, ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ഇത് ഉപയോഗിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണവും പോലീസിന്റെ തെരച്ചിലും ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ചേലക്കരയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം: പ്രദേശത്ത് കൂടുതൽ പരിശോധന; ആശങ്കയോടെ നാട്ടുകാർ





