നമ്മുടെ രാഷ്ട്രപിതാവ് സാമൂഹ്യതിന്മകളുടെ ശ്രേണിയിൽ അടുത്തതായി കണ്ടെത്തുന്നത് തത്വനിഷ്ഠമല്ലാത്ത രാഷ്ട്രീയ (Politics without principles) മാണ്. ധാർമ്മിക മൂല്യങ്ങളെ അടപടലം തമസ്ക്കരിച്ചും സാന്മാഗ്ഗികതയുടെ പ്രസക്തിയെ അപ്പാടെ വിഗണിച്ചും അധികാരം പിടിച്ചെടുക്കാനും ഭരണം ഉറപ്പിക്കാനുമുള്ള ത്വരയാണിത്. ഉപജാപകവൃത്തി, പ്രീണനം, ചാക്കിട്ടു പിടുത്തം, മറുകണ്ടംചാടൽ തുടങ്ങി നിരവധി ഉപായങ്ങൾ ആവനാഴിയിൽ സൂക്ഷിക്കുന്നവർ നാടിൻ്റെ നിലനില്പിനു തന്നെ ഭീഷണിയാണ്.
ഉദാഹരണത്തിന് ജനങ്ങൾ തിരത്തെടുത്ത ഒരാളെ അല്ലെങ്കിൽ ഒരു ഭരണസമിതിയെ അട്ടിമറിയ്ക്കാൻ വൻതുകകൾനല്കി പ്രലോഭിപ്പിച്ച് ഭൂരിപക്ഷം ഇല്ലാതാക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നിരക്ഷരരും സാമ്പത്തികപിന്നോക്കാവസ്ഥയിലുമുള്ള വോട്ടർമാരുടെ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിക്കുന്നു. പൊതുഖജനാവിലെ പണം ഇപ്രകാരം വകമാറ്റുമ്പോൾ വികസത്തിനായി ഉപയോഗിക്കേണ്ട രാജ്യസമ്പത്ത് അധികാരം പിടിയ്ക്കാൻ ചൂഷണം ചെയ്യപ്പെടുകയാണ്. നമുടെതുപോലൊരു വികസ്വരരാജ്യത്തിൻ്റെ സമഗ്രവളർച്ചക്ക് തുരങ്കംവയ്ക്കുന്ന ഇത്തരം കാര്യങ്ങൾ നാട്ടിൽവർദ്ധിച്ചുവരുന്നൂ എന്നത് ഭയം ജനിപ്പിക്കുന്ന കാര്യമാണ്.
കൂടെ ഉള്ളവനു കൈക്കൂലികൊടുത്ത് അയാളെ ഒറ്റുകാരനാക്കി ഗുരുവഞ്ചന ചെയ്യിപ്പിച്ച് ഒടുക്കം വഞ്ചകൻതന്നെയും നാശകോടാലിയായി പരിണമിച്ച സംഭവം വേദപ്രസിദ്ധമാണല്ലോ.


