കോട്ടയം: മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കാരുണ്യവും കരുതലും അധിഷ്ഠിതമായ ഭരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും, മുതിർന്നവരെ ബഹുമാനിക്കാനും സ്നേഹത്തോടെ പരിചരിക്കാനും കുട്ടികളെ സ്കൂൾതലം മുതൽ തന്നെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവഞ്ചൂർ മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി നിർമിച്ച കനാൻ വയോജന സംരക്ഷണ വില്ലേജിന്റെ ഉദ്ഘാടനം തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരെ കണ്ടെത്തി അവരുമായി സംസാരിക്കാനും ആവശ്യമായ പിന്തുണ നൽകാനും പുതിയ തലമുറ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമൂഹത്തിൽ വർധിച്ചുവരുന്ന ഏകാന്തത വലിയ മാനസിക-സാമൂഹിക വെല്ലുവിളിയായി മാറുകയാണെന്നും, മക്കളുണ്ടായിട്ടും പല കാരണങ്ങളാൽ അവഗണിക്കപ്പെടുന്ന മാതാപിതാക്കളുടെ അവസ്ഥ അതീവ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്സീനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാരുണ്യവും ദയയും സഹാനുഭൂതിയും മറ്റുള്ളവരെ ചേർത്തുനിർത്താനുള്ള മനോഭാവവുമാണ് ക്രിസ്തുവിന്റെ യഥാർഥ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിരമിച്ചവരുടെ അനുഭവസമ്പത്തും സർഗാത്മകതയും സമൂഹനിർമാണത്തിനായി ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ‘സിൽവർ ഇക്കോണമി’ നയം രണ്ട് മാസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന പൗരന്മാർക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള കെയർ ഗിവർ കോഴ്സുകൾ കേരളത്തിലെ നഴ്സിംഗ് കോളേജുകളിലും ആശുപത്രികളിലും ആരംഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവ അധ്യക്ഷത വഹിച്ചു. യാക്കോബായ സഭയുടെ ആദരസൂചകമായി മുഖ്യമന്ത്രി വി.ഡി. സതീശനെ അദ്ദേഹം പൊന്നാട അണിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.
ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ചാണ്ടി ഉമ്മൻ എം.എൽ.എ., ഫാ. റോയി കട്ടച്ചിറ, തമ്പു ജോർജ്, എൻ. ഹരി, അഡ്വ. ഫിൽസൺ മാത്യുസ്, ഗ്രേസി കരിമ്പന്നൂർ, ലതാകുമാരി സലിമോൻ, ഗീത രാധാകൃഷ്ണൻ, കെ.സി. ഐപ്പ്, അനിയൻ മാത്യു, ജിജി നാഗമറ്റം, സഖറിയാസ് മോർ പീലക്സീനോസ്, റവ. ഡോ. സലീബ റമ്പാൻ എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.
മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷിക്കുന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വം: മുഖ്യമന്ത്രി വി.ഡി. സതീശൻ




