ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ തലസ്ഥാനത്ത് പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ച സി.ആർ.പി.എഫ് ജവാനെ തിരിച്ചറിഞ്ഞു. വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി സി.ആർ.പി.എഫ് വൃത്തങ്ങൾ സമ്മതിച്ചു. ദ്രുതകർമ്മ സേനയിലെ (ആർ.എ.എഫ്) അംഗമാണ് വെടിവെപ്പ് നടത്തിയതെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ജൂലൈ 20-ന് കൊണാട്ട് പ്ലേസിൽ നടന്ന പ്രക്ഷോഭം നേരിടാൻ നിയോഗിച്ച ജവാനാണ് പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് പ്രയോഗിച്ചത്. ഇയാളുടെ തോക്കിൽ നിന്ന് കുറഞ്ഞത് ഏഴ് റൗണ്ട് പെല്ലറ്റുകളെങ്കിലും ഉതിർത്തതായാണ് വിവരങ്ങൾ. ഇതിൽ അഞ്ച് റൗണ്ട് പെല്ലറ്റുകൾ സമരക്കാരുടെ ശരീരത്തിൽ തളച്ചു കയറുകയും രണ്ടെണ്ണം നിലത്ത് പതിക്കുകയുമായിരുന്നു.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുഡ്ഗാവ് സ്വദേശി ഇർഷാദ് ഷെയ്ഖ് (25), ഡൽഹി സർവകലാശാല വിദ്യാർത്ഥി സാഹിൽ ലോചബ് (19), ഔട്ട്ലുക്ക് മാധ്യമപ്രവർത്തകൻ (28) എന്നിവർക്കാണ് പരിക്കേറ്റതെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.സംഭവത്തിൽ ആഭ്യന്തര തലത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ വിലയിരുത്തൽ യോഗം ചേർന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പരിശീലനം ലഭിച്ചവർക്ക് പകരം, ജമ്മു കശ്മീരിലടക്കം ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുത്ത ജവാന്മാരെ വിന്യസിച്ചതാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്ന് യോഗം വിലയിരുത്തി. ഭാവിയിൽ ക്രമസമാധാന പാലനത്തിനായി സേനയെ വിന്യസിക്കുമ്പോൾ പാലിക്കേണ്ട കർശന നിർദ്ദേശങ്ങൾ യോഗം മുന്നോട്ടുവെച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് പ്രയോഗം: തെറ്റ് സമ്മതിച്ച് സി.ആർ.പി.എഫ്; ജവാനെ തിരിച്ചറിഞ്ഞു




