ചെറുപുഴ: തട്ടുമ്മലിലെ യുവകർഷകൻ സുരേഷ് മേലെത്തിന്റെ കൃഷിയിടത്തിൽ വിളവെടുത്ത 58.500 കിലോഗ്രാം തൂക്കമുള്ള ഭീമൻ ടിഷ്യുകൾച്ചർ റോബസ്റ്റാ വാഴക്കുല കൗതുകമായി. ഏകദേശം ഒരാൾ ഉയരമുള്ള വാഴക്കുലയിൽ 17 ഓളം പടലകളാണുള്ളത്. ആദ്യത്തെ രണ്ട് പടലകൾക്ക് മാത്രം 16 കിലോഗ്രാമോളം തൂക്കമുണ്ട്.
യാതൊരു രാസവളവും പ്രയോഗിക്കാതെ പശുത്തൊഴുത്ത് കഴുകിയ വെള്ളം മാത്രം ഒഴുക്കിവിട്ടാണ് വാഴ കൃഷി ചെയ്തതെന്ന പ്രത്യേകതയും ഈ വാഴക്കുലയ്ക്കുണ്ട്.
2005-ലെ കർഷകദിനത്തോടനുബന്ധിച്ച് ചെറുപുഴ കൃഷിഭവൻ, ചെറുപുഴ ഗാർഡൻസ് വഴി സൗജന്യമായി നൽകിയ വിത്തിൽ നിന്നാണ് ഈ വാഴ വളർന്നതെന്ന് കർഷകൻ സുരേഷ് മേലെത്ത് പറഞ്ഞു. പാറയുടെ മുകളിൽ മണ്ണിട്ടാണ് കൃഷിയിറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ മികച്ച എസ്.സി. കർഷകനായി ചെറുപുഴ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുത്തതും സുരേഷ് മേലെത്തിനെയാണ്.
ഇത്രയും തൂക്കമുള്ള ജൈവ വാഴക്കുല ഇതാദ്യമായാണ് കാണുന്നതെന്ന് വിളവെടുപ്പ് നടത്തിയ ചെറുപുഴ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ പറഞ്ഞു.
ന്യൂസ്ഡെസ്‌ക്
കേരളടൈംസ്




