ചെന്നിത്തല-കടകംപള്ളി കൂടിക്കാഴ്ചയിൽ ദുരൂഹത: കെ. സുരേന്ദ്രൻ


​തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രിയും സി.പി.എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടതിൽ കടുത്ത ദുരൂഹത ആരോപിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കടകംപള്ളിയും പ്രതിയാക്കപ്പെട്ടേക്കുമെന്ന സൂചനകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചയെന്നത് ഗൗരവതരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കടകംപള്ളി എന്തിനാണ് വന്നതെന്നും, ആഭ്യന്തരമന്ത്രി എന്തിനാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും ഇരുവരും തുറന്നുപറയണം. വിശ്വാസി കൂടിയായ ആഭ്യന്തരമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ശരിയല്ല.
​ഈ സന്ദർശനം സി.പി.എമ്മിന്റെ അറിവോടുകൂടിയാണോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

മുൻപ് പത്മകുമാറിനെ സംരക്ഷിച്ച പാർട്ടിക്ക് പിന്നീട് നിലപാട് മാറ്റേണ്ടി വന്നത് കടകംപള്ളിയുടെ കാര്യത്തിലും പ്രസക്തമാണെന്ന് സുരേന്ദ്രൻ ഓർമിപ്പിച്ചു.

​ഇന്നലെ രാവിലെ ഏഴരയോടെയാണ് വഴുതക്കാടുള്ള രമേശ് ചെന്നിത്തലയുടെ വസതിയിൽ കടകംപള്ളി സുരേന്ദ്രൻ എത്തിയത്. ഏകദേശം 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. ചില നിസ്സാരമായ ശുപാർശകൾക്ക് വേണ്ടിയാണ് താൻ വന്നതെന്നാണ് കടകംപള്ളി മാധ്യമങ്ങളോട് പ്രതികരിച്ചത്.
​ശബരമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്, ഹെൽമറ്റ് പോലും ധരിക്കാതെ സ്കൂട്ടറിലെത്തി കടകംപള്ളി ആഭ്യന്തരമന്ത്രിയെ കണ്ടത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *