അതിദരിദ്രർക്കുള്ള ആട്ടപ്പൊടി ഹോട്ടലിൽ.37 പായ്ക്കറ്റുകൾ പിടിച്ചെടുത്ത സംഭവം സപ്ലൈസ് വകുപ്പിനെ അറിയിച്ചില്ലെന്ന് ആക്ഷേപം; അന്വേഷണം ആരംഭിച്ചു.

ചാലക്കുടി: അതിദരിദ്രർക്ക് റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട ആട്ടപ്പൊടി പായ്ക്കറ്റുകൾ ഹോട്ടലിൽ കണ്ടെത്തിയ സംഭവത്തിൽ സപ്ലൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. നഗരസഭ ആരോഗ്യവിഭാഗം ആട്ടപ്പൊടി പായ്ക്കറ്റുകൾ പിടിച്ചെടുത്ത വിവരം ബന്ധപ്പെട്ട സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന ആക്ഷേപത്തെ തുടർന്നാണ് നടപടി.
സെന്റ് ജെയിംസ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നിന്നാണ് നഗരസഭ ആരോഗ്യവിഭാഗം വ്യാഴാഴ്ച ആട്ടപ്പൊടി പായ്ക്കറ്റുകൾ പിടിച്ചെടുത്തത്. ഹോട്ടലിൽ ഉപയോഗിച്ചുവന്നിരുന്ന കാലാവധി കഴിഞ്ഞ 37 പായ്ക്കറ്റുകൾ കണ്ടെത്തി നശിപ്പിച്ചതിന് പുറമെ മറ്റ് നടപടികൾ സ്വീകരിച്ചില്ലെന്നും സിവിൽ സപ്ലൈസ് അധികൃതരെ വിവരം അറിയിച്ചില്ലെന്നുമാണ് ആക്ഷേപം.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭ കൗൺസിലർ വി. ജെ. ജോജി സിവിൽ സപ്ലൈസ് അധികൃതർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ പി. എ. റിയാസിന്റെ നേതൃത്വത്തിൽ റേഷനിങ് ഇൻസ്പെക്ടർമാരായ കെ. എൻ. ദിനീഷ്, ഒ. കെ. തങ്കമണി എന്നിവർ ഹോട്ടലിലും സമീപത്തെ റേഷൻ കടകളിലും പരിശോധന നടത്തി.
അതിദരിദ്രർക്ക് വിതരണം ചെയ്യുന്നതിനായി റേഷൻ കടകൾ വഴി മാത്രം ലഭ്യമാക്കുന്ന ആട്ടപ്പൊടി ഹോട്ടലിൽ എങ്ങനെ എത്തിയെന്നതിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും അധികൃതർ പരിശോധിക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ റേഷൻ കടകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *