
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനും വിഴിഞ്ഞം തുറമുഖ (VISL) എം.ഡിക്കും കൈമാറി. ധാരണാപത്രത്തിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് കത്ത് നൽകിയിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിൽ അദാനി ഗ്രൂപ്പിനുള്ള ഓഹരികളിൽ 49 ശതമാനം, പ്രമുഖ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി (MSC) ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടി.ഐ.എൽ (Terminal Investment Limited – TIL) സ്വന്തമാക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
27,000 കോടി രൂപ മൂല്യമുള്ള വിഴിഞ്ഞം പദ്ധതിയുടെ ശേഷി, നിലവിലുള്ള 16 ലക്ഷം ടി.ഇ.യുവിൽ നിന്ന് 2028 ഡിസംബറോടെ 57 ലക്ഷം ടി.ഇ.യുവിലേക്ക ഉയർത്തുകയാണ് ലക്ഷ്യം. എം.എസ്.സിയുമായുള്ള ഈ പങ്കാളിത്തം ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ വാണിജ്യ പ്രവേശനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ. നേരത്തെ ഗുജറാത്തിലെ മുന്ദ്ര, തമിഴ്‌നാട്ടിലെ എന്നൂർ തുറമുഖങ്ങളിലും അദാനി ഗ്രൂപ്പും എം.എസ്.സിയും തമ്മിൽ വിജയകരമായ പങ്കാളിത്തമുണ്ട്.




