തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാം മെഡിക്കൽ കോളജിന് ‘കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്’ എന്ന് പേരിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും സംയോജിപ്പിച്ചാണ് പുതിയ മെഡിക്കൽ കോളജ് രൂപീകരിക്കുന്നത്.
ഈ അധ്യയന വർഷം തന്നെ പ്രവേശനം ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. 100 എംബിബിഎസ് സീറ്റുകളുള്ള മെഡിക്കൽ കോളജായി തിരുവനന്തപുരം ജനറൽ ആശുപത്രിയെ ഉയർത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും നിലവിലുണ്ടെന്നും, പുതിയ മെഡിക്കൽ കോളജിനായി 150 കോടി രൂപയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന് മറുപടിയായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ അനുകൂല നിലപാടാണ് അറിയിച്ചത്. രാജ്യത്ത് 10,000 പുതിയ മെഡിക്കൽ സീറ്റുകൾ സൃഷ്ടിക്കുന്നതിനായി 15,000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യവും ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സർക്കാരിന്റെ ഈ തീരുമാനത്തെ തുടർന്ന് വികസനത്തിന്റെ പ്രാദേശിക വിതരണത്തെക്കുറിച്ചുള്ള ചർച്ചകളും ശക്തമാകുകയാണ്. തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ കോളജ്, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, മറ്റ് പ്രധാന ആരോഗ്യസ്ഥാപനങ്ങൾ എന്നിവ ഇതിനകം തന്നെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, വീണ്ടും അതേ മേഖലയിലേക്ക് മെഡിക്കൽ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിക്കുന്നതിനെതിരെ തൃശൂർ ജില്ലാ ആം ആദ്മി പാർട്ടി പ്രസിഡന്റ് ഡോ. ഷാജു കവുങ്കലും വൈസ് പ്രസിഡന്റ് വിൽസൻ കല്ലനും ആശങ്ക ഉയർത്തി.
സംസ്ഥാനത്തിന്റെ പിന്നാക്കവും ആരോഗ്യസൗകര്യങ്ങൾ പരിമിതവുമായ ജില്ലകളിൽ പുതിയ മെഡിക്കൽ കോളജുകളും അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിച്ചാൽ ചികിത്സയും മെഡിക്കൽ വിദ്യാഭ്യാസവും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നാണ് ഈ നിലപാട് മുന്നോട്ടുവച്ച എ. എ. പി. തൃശൂർ ജില്ലാ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും അഭിപ്രായം. ആരോഗ്യരംഗത്തെ വികസനം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലേക്കും തുല്യമായി വ്യാപിപ്പിക്കുന്നതിലാണ് കൂടുതൽ മുൻഗണന നൽകേണ്ടതെന്ന ആവശ്യവും ഇതോടൊപ്പം അവർ ഉയർത്തി.



