ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ അടിയന്തരമായി മുറിച്ചുമാറ്റാൻ ജില്ലാ കളക്ടറുടെ നിർദേശം. ആക്ട് ചാലക്കുടിയുടെ പരാതിയെ തുടർന്നാണ് നഗരസഭ സെക്രട്ടറിക്ക് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.

ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലെ അപകടഭീഷണി ഉയർത്തുന്ന മരച്ചില്ലകൾ ഒടുവിൽ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ. റോഡിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെ ചില്ലകൾ ഏത് നിമിഷവും ഒടിഞ്ഞുവീഴാവുന്ന സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ആക്ട് ചാലക്കുടി പ്രസിഡന്റ് അഡ്വ. ജോസഫ് അറങ്ങാശ്ശേരി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
പരാതി പരിശോധിച്ച തൃശ്ശൂർ ജില്ലാ കളക്ടർ, ചാലക്കുടി നഗരസഭ സെക്രട്ടറിക്ക് അപകടകരമായ മരച്ചില്ലകൾ എത്രയും വേഗം മുറിച്ചുമാറ്റാൻ നിർദേശം നൽകി. റെയിൽവേ സ്റ്റേഷൻ റോഡിലെ പി.ഡബ്ല്യു.ഡി. മെക്കാനിക്കൽ സബ് ഡിവിഷൻ ഓഫീസിന്റെ അതിർത്തിയിലുള്ള മരങ്ങളാണ് അപകടഭീഷണി ഉയർത്തുന്നത്.
ഈ റോഡിലൂടെ ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികളും കാൽനടയാത്രക്കാരും വാഹനയാത്രക്കാരും കടന്നുപോകുന്ന സാഹചര്യത്തിൽ വലിയ ദുരന്തസാധ്യതയാണ് നിലനിൽക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപകടഭീഷണി വെറും ആശങ്ക മാത്രമല്ലെന്ന് തെളിയിക്കുന്ന സംഭവവും കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയിൽ ഇവിടെ നടന്നു. ശക്തമായ കാറ്റിൽ ഒടിഞ്ഞ മരക്കൊമ്പുകൾ വൈദ്യുതി ലൈനിലേക്ക് പതിച്ചതോടെ തീപിടിത്തമുണ്ടായി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അപകടകരമായ കൊമ്പുകൾ നീക്കം ചെയ്തത്. അർധരാത്രിയായതിനാൽ ആളൊഴിഞ്ഞിരുന്നതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്. “ഇവിടെ ദിവസേന ആയിരക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. പലതവണ അപകടസാധ്യത ശ്രദ്ധയിൽപ്പെടുത്തിയ ശേഷമാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. കളക്ടർ ഉടൻ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ഇനി ബന്ധപ്പെട്ട വകുപ്പുകൾ കാലതാമസം കൂടാതെ മരച്ചില്ലകൾ മുറിച്ചുമാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.” ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും എത്രയും വേഗത്തിൽ നടപടി പൂർത്തിയാക്കുമെന്നതാണ് ഇനി പ്രദേശവാസികളും യാത്രക്കാരും ഉറ്റുനോക്കുന്നത്.

ന്യൂസ് ഡെസ്ക്,
കേരളടൈംസ് ഡെയിലി, ചാലക്കുടി.

Leave a Reply

Your email address will not be published. Required fields are marked *