ഇരിങ്ങാലക്കുട: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും സിപിഐ നേതാവുമായിരുന്ന ടി.എൻ. നമ്പൂതിരിയുടെ സ്മരണാർത്ഥമുള്ള പുരസ്കാരത്തിന് മുടിയേറ്റ് കലാകാരൻ കൊരട്ടി കിഴക്കേ വാരനാട്ട് നാരായണകുറുപ്പ് അർഹനായി. മുടിയേറ്റ് എന്ന പരമ്പരാഗത കലാരൂപത്തിന്റെ അതിജീവനത്തിനും പരിപോഷണത്തിനുമായി അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
ടി.എൻ. സ്മാരക സമിതി പ്രസിഡന്റ് ഇ. ബാലഗംഗാധരൻ, സെക്രട്ടറി കെ. ശ്രീകുമാർ എന്നിവരാണ് പുരസ്കാര വിവരം അറിയിച്ചത്.
ജൂലൈ 18-ന് ടി.എൻ. നമ്പൂതിരിയുടെ 48-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമർപ്പിക്കും.
ടി.എൻ. നമ്പൂതിരി പുരസ്കാരം മുടിയേറ്റ് കലാകാരൻ നാരായണകുറുപ്പിന്.



