വടക്കാഞ്ചേരി: അത്താണി മിണാലൂരിന് സമീപമുള്ള ‘സെലക്ട് ദർബാർ’ ഹോട്ടലിൽ ഭക്ഷണത്തോടൊപ്പം നൽകിയ ചെറുനാരങ്ങയിൽ നീര് കുറവാണെന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും നേരെ യുവാക്കളുടെ ക്രൂരമായ ആക്രമണത്തിൽ ഹോട്ടൽ ഉടമ സുഹൈബിന് (മുജീബ്) ഗുരുതരമായി പരിക്കേൽക്കുകയും മുൻനിരയിലെ പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. തടയാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരായ അഷ്കർ, ഇബ്രാഹിം, സുഹൃത്ത് റഷീദ് എന്നിവർക്കും മർദ്ദനമേറ്റിട്ടുണ്ട്.
അതേസമയം, ഹോട്ടലിന് നേരെ നടന്ന ഈ അതിക്രമത്തിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ (KHRA) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. KHRA ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗം പ്രേംരാജ് ചൂണ്ടലാത്ത് എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ വടക്കാഞ്ചേരി പോലീസ് വധശ്രമത്തിന് കേസെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
സംഭവദിവസം വൈകീട്ട് നാലരയോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ട് യുവാക്കൾ ചെറുനാരങ്ങയിൽ നീര് കുറവാണെന്ന് ആരോപിച്ച് ജീവനക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് അവിടെനിന്നും മടങ്ങിയ യുവാക്കൾ, ഒരു മണിക്കൂറിന് ശേഷം രണ്ട് കാറുകളിലായി കൂടുതൽ ആളുകളുമായെത്തി ഹോട്ടലിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിടുകയായിരുന്നു.
മരവടികളുമായെത്തിയ സംഘം ഹോട്ടൽ ഉടമയെ തടഞ്ഞുനിർത്തി മുഖത്തടിച്ചു. തലയ്ക്ക് നേരെ വന്ന മാരകമായ അടി സുഹൃത്ത് റഷീദ് കൈകൊണ്ട് തടുത്തതിനാലാണ് സുഹൈബ് വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അടിപിടിയിൽ ഉടമയുടെ രണ്ട് പല്ലുകൾ കൊഴിയുകയും ഒരു പല്ലിന് ഗുരുതരമായി ഇളക്കം തട്ടുകയും ചെയ്തു. പരിക്കേറ്റ നാലോളം ജീവനക്കാരുടെ കൈകാലുകൾക്കും തോളിനും പരിക്കേറ്റിട്ടുണ്ട്.
എരുമപ്പെട്ടിക്കടുത്ത് കരുവന്നൂർ സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് ശേഷം പരിക്കേറ്റതായി കാണിച്ച് പ്രതികൾ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിച്ചതായും സൂചനയുണ്ട്. പരിക്കേറ്റ ഹോട്ടൽ ഉടമയും ജീവനക്കാരും വടക്കാഞ്ചേരി ജില്ലാ (താലൂക്ക്) ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാരതീയ ന്യായ സംഹിതയിലെ (BNS) വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് വടക്കാഞ്ചേരി സബ് ഇൻസ്പെക്ടർ നിഖിൽ എ. ആർ. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്




