ന്യൂഡൽഹി :
രാജ്യ തലസ്ഥാനത്ത് വീണ്ടുമൊരു ചരിത്രം കുറിക്കപ്പെട്ടിരിക്കുകയാണ്. ഭരണകൂടത്തിന്റെ മതിൽക്കെട്ടുകളെ ജനകീയ പ്രക്ഷോഭങ്ങൾ എങ്ങനെ തകർത്തെറിയുമെന്ന് ഡൽഹി വീണ്ടും തെളിയിച്ചിരിക്കുന്നു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥി സമൂഹത്തിന് മുന്നിൽ ഒടുവിൽ കേന്ദ്രസർക്കാർ മുട്ടുമടക്കിയിരിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു!”
“തുടർച്ചയായ 26 ദിവസങ്ങൾ! കൊടും ചൂടിനെയും ഭരണകൂടത്തിന്റെ അവഗണനയെയും നേരിട്ട് ഡൽഹിയുടെ തെരുവുകളിൽ ഉറച്ചുനിന്നത് രാജ്യത്തിന്റെ ഭാവിയായ വിദ്യാർത്ഥികളാണ്. ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കുക’ എന്ന ഒരൊറ്റ ആവശ്യത്തിൽ അവർ ഉറച്ചുനിന്നു.
മന്ത്രിയുടെ രാജി ഒഴിവാക്കാൻ കേന്ദ്ര സർക്കാരും ബി.ജെ.പിയും പരമാവധി ശ്രമിച്ചതാണ്. എന്നാൽ തെരുവിലിറങ്ങിയ വിദ്യാർത്ഥികൾക്ക് പിന്നിൽ പ്രതിപക്ഷവും മറ്റ് പ്രസ്ഥാനങ്ങളും ഒന്നിച്ച് അണിനിരന്നതോടെ സർക്കാരിന് മറ്റുവഴികളില്ലാതായി. ഇത് കേവലം ഒരു രാജിയല്ല, ഭരിക്കുന്നവരുടെ എകാധിപത്യപരമായ നിലപാടുകൾക്കെതിരെയുള്ള ജനാധിപത്യത്തിന്റെ വമ്പൻ വിജയമാണ്.”
“ഈ സമരം ബി.ജെ.പി സർക്കാരിനെ മാത്രമല്ല മുട്ടുകുത്തിച്ചത്; നമ്മുടെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെയും കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. നിർവീര്യമായിപ്പോയെന്ന് കരുതിയ വിദ്യാർത്ഥി ശക്തിക്ക് ഇപ്പോഴും ഈ രാജ്യത്തെ ഭരണകൂടങ്ങളെ പിടിച്ചുലക്കാൻ ശേഷിയുണ്ടെന്ന് ഈ സമരം തെളിയിച്ചു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും കൃത്രിമ അജണ്ടകൾക്കും അപ്പുറം, യഥാർത്ഥ ആവശ്യങ്ങൾക്ക് വേണ്ടി ജനങ്ങൾ തെരുവിലിറങ്ങിയാൽ ഏത് സർക്കാരാണ് അധികാരത്തിലുള്ളതെങ്കിലും കീഴടങ്ങേണ്ടി വരും എന്ന വലിയൊരു സന്ദേശമാണ് ഈ സമരം നൽകുന്നത്.”
“ഈ സമരകാലയളവിൽ നാം കണ്ട മറ്റൊരു ഞെട്ടിക്കുന്ന സംഭവമായിരുന്നു രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അധിപനിൽ നിന്നുണ്ടായ അത്യന്തം ഖേദകരമായ ‘പാറ്റ’ പ്രസ്താവന. സാധാരണക്കാരുടെ, വിദ്യാർത്ഥികളുടെ ശബ്ദത്തെ നിസ്സാരവൽക്കരിച്ചുകൊണ്ട് ഉയർന്നു വന്ന ആ പ്രസ്താവന ജനാധിപത്യ സംവിധാനങ്ങൾക്ക് ഏൽപ്പിച്ച ആഘാതം ചെറുതല്ല.
”അധികാരത്തിന്റെ ഉന്നതങ്ങളിൽ ഇരിക്കുന്നവർക്ക് ജനങ്ങൾ വെറും ‘പാറ്റകളായി’ തോന്നാം. എന്നാൽ, ആ പാറ്റകൾ തെരുവിലിറങ്ങി സംഘടിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന കൊടുങ്കാറ്റിൽ ഏത് വൻമരവും കടപുഴകി വീഴുമെന്ന് ഡൽഹി ഇന്ന് തെളിയിച്ചിരിക്കുന്നു.”
ന്യായാധിപന്മാർ പോലും ഭരണകൂട ഭാഷ സംസാരിക്കാൻ മടിക്കാതിരുന്ന കാലത്ത്, നീതിക്കായി തെരുവിൽ പോരാടിയ വിദ്യാർത്ഥികളാണ് യഥാർത്ഥ ഭരണഘടനയെ നെഞ്ചോട് ചേർത്തുവെച്ചത്.”
“ഈ രാജി ഒരു തുടക്കം മാത്രമാണ്. പരീക്ഷാ സംവിധാനങ്ങളിലെ അഴിമതികൾ അവസാനിപ്പിക്കാനും, വഞ്ചിക്കപ്പെട്ട ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് നീതി ഉറപ്പാക്കാനും ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്.
പക്ഷേ ഒന്ന് വ്യക്തമാണ്—ജനാധിപത്യത്തിൽ അവസാന വാക്ക് ഭരണാധികാരികളുടെയോ ഭരണഘടനാ സ്ഥാപനങ്ങളുടെയോ അല്ല, അത് ഈ രാജ്യത്തെ ജനങ്ങളുടേതാണ്!



