ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ തിരിച്ചടി. മുഖ്യമന്ത്രി വിജയ് നേരിട്ട് കൈമാറിയ 31 പേരുടെ നിയമന ഉത്തരവാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കിയത്. ആശ്രിത നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി മാർഗനിർദേശങ്ങൾ പൂർണ്ണമായും ലംഘിച്ചാണ് നടപടിയെന്ന് കോടതി നിരീക്ഷിച്ചു.
എൻ.ടി.കെ (നാamt തമിളർ കക്ഷി) ഉൾപ്പെടെയുള്ള കക്ഷികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിറക്കിയിരുന്നു. തുടർന്ന് ജൂലൈ 10-ന് കരൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ടെത്തിയാണ് ഇവർക്കുള്ള നിയമന ഉത്തരവുകൾ വിതരണം ചെയ്തത്.
ഹർജി പരിഗണനയ്ക്കെടുത്ത വേളയിൽ സർക്കാരിന്റെ ഈ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് കോടതി വിമർശനം ഉന്നയിച്ചത്. സംസ്ഥാനത്ത് ദിവസേന നിരവധി പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നുണ്ടെന്നും, അങ്ങനെ മരണപ്പെടുന്ന എല്ലാവരുടെയും ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകാൻ സാധിക്കുമോയെന്നും ജസ്റ്റിസ് ചോദിച്ചു.
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുമ്പോൾ, നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി പ്രത്യേക ആനുകൂല്യം നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് 31 പേരുടെയും നിയമന ഉത്തരവുകൾ കോടതി റദ്ദാക്കിയത്.
കരൂർ ദുരന്തബാധിതർക്കുള്ള നിയമനം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് രൂക്ഷവിമർശനം




