ചാലക്കുടി: ട്രെയിനിൽ നിന്ന് വീണ് റെയിൽവേ ലൈനിന് സമീപം ഗുരുതരമായി പരിക്കേറ്റ് കിടന്ന വയോധികന് ആളൂർ പോലീസിന്റെ സമയബന്ധിതമായ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടി. പൂക്കാട്ടുപടി സ്വദേശി മരോട്ടിക്കൽ വീട്ടിൽ ഇഖ്ബാൽ (61) ആണ് അപകടത്തിൽപ്പെട്ടത്.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന 16306 കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായിരുന്നു ഇഖ്ബാൽ. ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാൽവരിക്കുന്ന് പള്ളിക്കടുത്തുള്ള റെയിൽവേ ലൈനിൽ വെച്ച് അപസ്മാരം (ഫിറ്റ്സ്) വന്നതിനെ തുടർന്നോ മറ്റോ ഇയാൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു.
സംഭവമറിഞ്ഞ ഉടൻ തന്നെ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് സബ് ഇൻസ്പെക്ടർ (ജി.എസ്.ഐ) ജയ്സൺ, സി.പി.ഒ മാരായ രാജേഷ്, അനൂപ് എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി. റെയിൽവേ ലൈനിന് സമീപം നടത്തിയ തെരച്ചിലിൽ ചോരയിൽ കുളിച്ചുകിടന്ന ഇഖ്ബാലിനെ പെട്ടെന്ന് തന്നെ കണ്ടെത്താനായി.
ഉടൻ തന്നെ പോലീസ് സംഘം ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസിന്റെ കൃത്യസമയത്തെ ഇടപെടലും പരിചരണവും മൂലം ആശുപത്രിയിൽ ചികിത്സയിലുള്ള ഇഖ്ബാൽ സുഖം പ്രാപിച്ചുവരുന്നു.
ന്യൂസ് ഡെസ്ക്, കേരള ടൈംസ്.
ട്രെയിനിൽ നിന്ന് വീണ് വയോധികന് ഗുരുതര പരിക്ക്: രക്ഷകരായി ആളൂർ പോലീസ്




