വൈകൃതം ബാധിച്ചിരിക്കുന്നത് വി .കെ ശ്രീരാമന്റെ മനസ്സിന്. സംസ്കാര സാഹിതി.

തൃശൂർ : ഓണാഘോഷത്തിന്റെ ഭാഗമായി പുരാതന കാലം മുതൽ നടന്നുവരുന്ന l തൃശ്ശൂരിന്റെ തനത് സാംസ്കാരിക പാരമ്പര്യമായ പുലിക്കളിയെ അധിക്ഷേപിക്കുകയും പുലിക്കളി കലാകാരന്മാരുടെ ശരീരത്തെ ‘വൈകൃതം’ ഉള്ളതെന്ന് വിശേഷിപ്പിക്കുകയും ചെയ്ത നടൻ വി.കെ. ശ്രീരാമന്റെ പരാമർശം സാംസ്കാരിക കേരളത്തോടുള്ള അവഹേളനമാണെന്നും പരാമർശം പിൻവലിച്ച് പുലിക്കളി കലാകാരന്മാരോടും സാംസ്കാരിക സമൂഹത്തോടും അദ്ദേഹം മാപ്പ് പറയണമെന്നും സംസ്കാര സാഹിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിചെയർമാൻ ഗിന്നസ് സത്താർ ആദൂർ, കൺവീനർ അനിൽ സമ്രാട്ട് എന്നിവർ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു. ഓണാഘോഷത്തിന്റെ ഭാഗമായി ഓരോ പ്രദേശവും അതിന്റേതായ കലാരൂപങ്ങളിലൂടെ ഓണത്തെ സമ്പന്നമാക്കിയിട്ടുണ്ട്. ആലപ്പുഴയുടെയും കുട്ടനാടിന്റെയും വള്ളംകളി, പാലക്കാടിന്റെ കുമ്മാട്ടിക്കളി, കുന്നംകുളത്തിന്റെ ഓണത്തല്ല് തൃശ്ശൂരിന്റെ പുലിക്കളി ഇവയെല്ലാം ചേരുമ്പോഴാണ് മലയാളിയുടെ ഓണാഘോഷം പൂർണമാകുന്നത്. തൃശ്ശൂരിന്റെ ഓണാഘോഷങ്ങൾക്ക് നിറവും താളവും ആവേശവും പകരുന്ന പുരാതനകാലം മുതലുള്ള പ്രത്യേക സാംസ്കാരിക സംഭാവനയാണ് പുലിക്കളി. തലമുറകളായി നിരവധി കലാകാരന്മാർ സ്വന്തം അധ്വാനവും സമർപ്പണവും ഉപയോഗിച്ചാണ് ഈ കലാരൂപത്തെ നിലനിർത്തി പോരുന്നത്. വ്യത്യസ്ത ശരീരഘടനകളുള്ള കലാകാരന്മാർ കലയുടെ ഭാഗമായി ശരീരത്തെ രൂപപ്പെടുത്തുന്നതിനെ ‘വൈകൃതം’ എന്ന് വിളിക്കുന്നത് കലാകാരന്മാരെ മാത്രമല്ല, ആ കലാരൂപത്തെ സ്നേഹിക്കുന്ന കോടിക്കണക്കിന് മലയാളികളെയും അപമാനിക്കുന്നതിന് തുല്യമാണ്. അഭിനയത്തിലൂടെ പൊതുസമൂഹത്തിന്റെ ഭാഗമായിട്ടുള്ളവി.കെ. ശ്രീരാമന്റെ മനസ്സിനെ ബാധിച്ച വൈകൃതം എത്രയും പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കേണ്ടതുണ്ടെന്നും സംസ്കാരസാഹിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *