ധന്യൻ തിയോഫിനച്ചന്റെ സ്മരണയിൽ കോട്ടപ്പുറം ഉണരുന്നു… പുതിയ ദൗത്യത്തിലേക്ക്

അച്ചന്റെ ജീവിതസാക്ഷ്യം ലോകശ്രദ്ധയിലേക്ക്; 101 അംഗ കർമ്മസമിതിക്ക് രൂപം നൽകി

കോട്ടപ്പുറം: ധന്യൻ തിയോഫിനച്ചന്റെ ജീവിതസാക്ഷ്യവും ആത്മീയ പൈതൃകവും ജന്മനാട്ടിൽ നിലനിർത്തുകയും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനായി കോട്ടപ്പുറത്ത് പുതിയ കൂട്ടായ്മയ്ക്ക് തുടക്കമായി. ധന്യൻ തിയോഫിനച്ചന്റെ സ്മരണയിൽ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചേർന്ന ആലോചനയോഗത്തിലാണ് 101 അംഗ കർമ്മസമിതിക്കും അഡ്‌ഹോക്ക് കമ്മിറ്റിക്കും രൂപം നൽകിയത്.

കോട്ടപ്പുറം വികസ്ഭവനിൽ നടന്ന യോഗത്തിൽ സ്ഥലത്തെ കൗൺസിലർ ജോണി വി. എം. അധ്യക്ഷത വഹിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ KRLCA കോട്ടപ്പുറം രൂപത സെക്രട്ടറി ജോൺസൻ വാളൂർ സ്വാഗതം പറഞ്ഞു. തിയോഫിൻ കർമ്മസമിതി സംഘാടകൻ വിൽസൻ കല്ലൻ ആമുഖപ്രഭാഷണം നടത്തി.

ധന്യൻ തിയോഫിനച്ചന്റെ ജീവിതവും ആത്മീയ ഇടപെടലുകളും സംബന്ധിച്ച അനുഭവങ്ങളും സാക്ഷ്യങ്ങളും യോഗത്തിൽ പങ്കുവെച്ചു. തിയോഫിനച്ചന്റെ മാധ്യസ്ഥതയിലൂടെ തളർന്ന ശരീരം പൂർവസ്ഥിതിയിലായ അനുഭവത്തിന്റെ സാക്ഷിയായ ബിന്ദു സ്റ്റീഫൻ ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ ചർച്ചയിൽ പങ്കെടുത്തു.

രൂപതാ തല ഭാരവാഹികളായ കൗൺസിലർ ഷൈബി ജോസഫ്, പഞ്ചായത്ത് മെമ്പർ പ്രഷീല ബാബു, ഷൈജി ടീച്ചർ, അനിൽ കുന്നത്തൂർ, തോമസ് കെ. ടി., ഷിബു പുളിക്കൻ തുടങ്ങിയവർ സംസാരിച്ചു.

തിയോഫിനച്ചന്റെ ജീവിതസന്ദേശം പുതുതലമുറയിലേക്ക് പകരുന്നതിനും അച്ചന്റെ സ്മരണയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യോഗം തീരുമാനിച്ചു. ധന്യൻ തിയോഫിനച്ചന്റെ സ്മരണയിലൂടെ കോട്ടപ്പുറം രൂപതയ്ക്കും ജന്മനാടിനും വിശാലമായ ശ്രദ്ധ നേടാനാകുമെന്ന പ്രതീക്ഷയും യോഗത്തിൽ പങ്കുവെച്ചു.

101 അംഗ കർമ്മസമിതി തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഡ്‌ഹോക്ക് കമ്മിറ്റിക്കും രൂപം നൽകി.

ഷൈജി ഇ. ആർ. നന്ദി പറഞ്ഞു. പ്രാർത്ഥനയോടും കൂട്ടായ പ്രവർത്തനത്തിനുള്ള പ്രതിജ്ഞയോടും കൂടി യോഗം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *