തൃശ്ശൂർ: മലയാളിയുടെ അക്ഷര പ്രബുദ്ധതയെ പ്രതിദിനം ഉദ്ദീപിപ്പിക്കുന്ന ഗൗരവതരമായ ജോലി ചെയ്യുന്ന കേരളത്തിലെ പത്ര ഏജന്റുമാർക്ക് അർഹതപ്പെട്ട അവധി ദിനം നിഷേധിക്കുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നത് തെറ്റായ നടപടിയാണെന്ന് പ്രമുഖ എഴുത്തുകാരൻ സച്ചിദാനന്ദൻ പറഞ്ഞു.
ആഗസ്റ്റ് 16-ലെ പത്ര ഏജന്റുമാരുടെ അവധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. കെ. സത്താർ തൃശ്ശൂർ ഇ. എം. എസ്. സ്ക്വയറിൽ നടത്തിയ ഏകദിന ഉപവാസ സമരം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സൂര്യനുദിക്കുന്ന ഓരോ പ്രഭാതത്തിലും മലയാളി കാണുന്ന ആദ്യത്തെ തൊഴിലാളികളാണ് പത്ര വിതരണക്കാരും പാൽ വിതരണക്കാരും. തുച്ഛവരുമാനക്കാരായ ഇവരുടെ ശബ്ദം കേൾക്കാനും പ്രശ്നങ്ങൾ കാണാനും സർക്കാരും പത്ര ഉടമകളും തയ്യാറാകേണ്ട കാലമാണിത്,” സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
സ്വാഗതസംഘം ചെയർമാൻ മൊയ്തീൻ എടച്ചാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ ആമുഖ പ്രസംഗവും സംസ്ഥാന സെക്രട്ടറി സി. പി. അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണവും നടത്തി. എൻ. പി. എ. എ. സംസ്ഥാന ഭാരവാഹികളായ അജീഷ് കൈവേലി, സലീം രണ്ടത്താണി, രാമചന്ദ്രൻ നായർ കൊല്ലം, വിവിധ ജില്ലാ ഭാരവാഹികളായ കെ. ടി. കെ. ഭാസ്കരൻ, റജി നിലമ്പൂർ, ഖാലിദ് തിരൂരങ്ങാടി, നൗഷാദലി പാലക്കാട്, സലിം എറണാകുളം, ഗോപിനാഥൻ കാസർകോട്, ഫിറോസ്ഖാൻ, സുനിൽ പൊന്നാനി, അബുൽ ഖൈർ, സക്കരിയ്യ എൻ., മണികണ്ഠൻ, ശിവരാമൻ നായർ, മോഹൻ പ്രദീപ്, മധു വൈപ്പിൻ, അസീസ് വിളമ്പരം, നിക്സൺ എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി ബാബു വർഗ്ഗീസ് സ്വാഗതവും യാഖൂബ് വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.
പത്ര ഏജന്റുമാരുടെ അവധി നിഷേധിക്കുന്നത് തെറ്റ്; ആഗസ്റ്റ് 16-ന്റെ അവധി പുനഃസ്ഥാപിക്കണമെന്ന് സച്ചിദാനന്ദൻ.





