ചാലക്കുടി: ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ 1426-ാം പിറവി തിരുനാൾ 2026 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ എട്ടുവരെ ഭക്തിനിർഭരമായി ആഘോഷിക്കുന്നു. ചാലക്കുടി നിവാസികളുടെ കൂട്ടായ്മയും വിശ്വാസത്തിന്റെ ആഴവും സഹോദരസ്നേഹവും ഒത്തുചേരുന്ന തിരുനാൾ ദിനങ്ങൾ ഇത്തവണ കൂടുതൽ അനുഗ്രഹപ്രദമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
തിരുനാളിന്റെ ഭാഗമായി നിർധനരായ വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റുകളും നിർധനരായ യുവതികൾക്ക് വിവാഹാവശ്യത്തിനായി പൊന്നും സാരിയും നൽകുന്ന കാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പ്രാർഥിക്കാനും തിരുക്കർമങ്ങളിലും നേർച്ച ഊട്ടിലും പങ്കെടുത്ത് മാധ്യസ്ഥ്യം പ്രാപിക്കാനും എല്ലാവരെയും സംഘാടകർ ക്ഷണിക്കുന്നു.
തിരുന്നാളിന് ഒരുക്കമായി മരിയൻജ്യോതി പ്രയാണം, മരിയൻ ധ്യാനം, എട്ടുനോമ്പാചരണം, ആഘോഷമായ വിശുദ്ധ കുർബാന, ലതീഞ്ഞ്, നൊവേന എന്നിവ നടത്തുന്നു. ദർശന തിരുനാൾ, മാതാവിന്റെ കൂട് തുറന്ന് പൊന്നുചാർത്തൽ, കിരീടവും മാലയും ചാർത്തൽ, പ്രസുദേന്തി വാഴ്ച, ശിശുക്കൾക്ക് ചോറൂട്ട്, എഴുത്തിനിരുത്ത്, അമ്മത്തൊട്ടിൽ, ജന്മദിന കേക്ക് മുറിക്കൽ, നേർച്ചപ്പായസം, ഭക്തിനിർഭരമായ പ്രദക്ഷിണം, ഇലക്ട്രിക്കൽ വർണവിസ്മയം, ദീപാലങ്കാരം, കാരുണ്യസ്പർശം തുടങ്ങി വിവിധ പരിപാടികളാണ് തിരുനാളിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് അഞ്ചിന് മാതാവിന്റെ പിറവിയുടെ ഓർമ പുതുക്കുന്ന തിരുനാൾ ചടങ്ങുകളും നടക്കും.
ഓഗസ്റ്റ് 30ന് ഷംഷാബാദ് അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ തിരുനാൾ കൊടിയേറ്റിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തിരുനാളിന് മുന്നോടിയായി ഇടവകയിലെ 64 കുടുംബകൂട്ടായ്മകളിൽ നിന്നുള്ള മരിയൻജ്യോതി പ്രയാണം ദൈവാലയത്തിൽ എത്തിച്ചേർന്നു.
തിരുനാളിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26, 27, 28 തീയതികളിൽ മരിയൻ ധ്യാനവും നടന്നു. താമരശ്ശേരി രൂപതയിലെ ഫാ. ബെന്നി മുണ്ടനാട് ധ്യാനത്തിന് നേതൃത്വം നൽകി.
ആത്മീയ ഉന്മേഷം പകരുന്ന തിരുനാളിലെ വിവിധ തിരുക്കർമങ്ങൾക്ക് ഫാ. മെജിൻ കല്ലേലി, ഫാ. ഡിന്റോ തെക്കിനിയത്ത്, ഫാ. സിബിൻ വാഴപ്പിള്ളി, ഫാ. ജീസൺ കാട്ടുകാരൻ, ഫാ. അഖിൽ തണ്ടിയേക്കൽ, ഫാ. റിജോയ് പഴയാറ്റിൽ, ഫാ. കിരൺ തട്ള, ഫാ. ക്രിസ്റ്റി ചിറ്റക്കര, ഫാ. അമൽ മാളിയേക്കൽ, ഫാ. ജോയൽ പുല്ലേലി, ഫാ. സിന്റോ പോഴൊലിപ്പറമ്പിൽ, ഫാ. അജി പുത്തൂർ, ഫാ. മാത്യു വെണ്ണയപ്പിള്ളിൽ, ഫാ. ആൽബിൻ പുതുശ്ശേരി എന്നിവർ നേതൃത്വം നൽകും.
തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിന് രാവിലെ 7.30ന് മോൺസിഞ്ഞോർ ടൈറ്റസ് കാട്ടുപറമ്പിൽ നേർച്ച ഊട്ട് ആശീർവദിക്കും. ഉച്ചകഴിഞ്ഞ് 3.30 വരെ നേർച്ച ഊട്ടിൽ പങ്കെടുക്കാൻ സൗകര്യമുണ്ടാകും.
സീറോ മലബാർ റാസാക്രമത്തിലുള്ള ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കും. ലത്തീൻ, സീറോ മലങ്കര ക്രമങ്ങളിലും വിശുദ്ധബലി അർപ്പിക്കും.
വികാരി ഫാ. വർഗീസ് പാത്താടൻ, സഹവികാരിമാരായ ഫാ. ആൽബിൻ പുതുശ്ശേരി, ഫാ. ജോയൽ പുല്ലേലി, ഫാ. സിന്റോ പോഴൊലിപ്പറമ്പിൽ, കൈക്കാരന്മാരായ തോമസ് പറനിലം, ഷാബു കുരിയപറമ്പിൽ, സുനിൽ ഡേവിഡ് ചക്കാലക്കൽ, പോളി മേച്ചേരി, ജനറൽ കൺവീനർ രാജീവ് വർഗീസ് ചിറമേൽ എന്നിവർ അറിയിച്ചു.



