കൊച്ചി : കേരളത്തിലുടനീളം അപ്രഖ്യാപിത ലോഡ് ഷെഡിംഗും രൂക്ഷമായ പവർ കട്ടും ഏർപ്പെടുത്തി സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് ജനറൽ സെക്രട്ടറി അലി സുജാദ് ആരോപിച്ചു.
വൈദ്യുതി നിരക്ക് വർധനവിലൂടെ സാധാരണ ഉപഭോക്താക്കളിൽ നിന്ന് അധികഭാരം ഈടാക്കുന്ന KSEB, ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് വിദ്യാർത്ഥികളുടെ പഠനത്തെയും ചെറുകിട വ്യവസായങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെയും സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സാരമായി ബാധിക്കുകയാണ്. വൈദ്യുതി ആവശ്യകത മുൻകൂട്ടി കൃത്യമായി വിലയിരുത്തി ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനും വിതരണ സംവിധാനം കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും KSEB-യും സർക്കാരും പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിനും വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിനും കാണിക്കുന്ന താൽപര്യവും വേഗതയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ളതും തടസ്സമില്ലാത്തതുമായ വൈദ്യുതി നൽകുന്നതിലും സർക്കാർ കാണിക്കണം. ജനങ്ങളിൽ നിന്ന് വർധിച്ച നിരക്കിൽ പണം ഈടാക്കിയ ശേഷം ആവശ്യമായ സേവനം നൽകാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അലി സുജാദ് പറഞ്ഞു.
അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം അടിയന്തരമായി അവസാനിപ്പിക്കുകയും സംസ്ഥാനത്തെ വൈദ്യുതി വിതരണം സാധാരണ നിലയിലാക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രിക്കും KSEB ചെയർമാനും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വൈദ്യുതി ഭവനുകളിലേക്ക് ബഹുജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അലി സുജാദ് മുന്നറിയിപ്പ് നൽകി.
ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുന്നത് സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും ഉത്തരവാദിത്തമാണെന്നും, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്ഡെസ്‌ക് കേരളടൈംസ്





