അന്നനാട്: പഠനത്തോടൊപ്പം കുട്ടികളിൽ കായിക സംസ്കാരവും വളർത്തിയെടുക്കാൻ ആവശ്യമായ അവസരങ്ങൾ ഒരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. പുതുതലമുറയുടെ മാനസികവും ബൗദ്ധികവും ശാരീരികവുമായ വളർച്ച ഉറപ്പാക്കുന്നതിൽ കായിക പരിശീലനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും കുട്ടികളുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി സ്കൂൾതലത്തിൽ കൂടുതൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 2024–25 അധ്യയന വർഷത്തെ മികച്ച സ്കൂൾ കായിക അധ്യാപകനുള്ള ജി.വി. രാജ പുരസ്കാരം നേടിയ അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ ജിബി.വി. പെരേപ്പാടനെ ആദരിക്കുന്നതിനായി സ്കൂൾ അധികൃതർ സംഘടിപ്പിച്ച ‘ആദരണീയം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനൊപ്പം അവരുടെ കഴിവുകളും താൽപര്യങ്ങളും കണ്ടെത്തി പരിപോഷിപ്പിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്വമാണെന്ന് മന്ത്രി പറഞ്ഞു. കായികരംഗത്ത് കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനം മത്സരവിജയങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അച്ചടക്കം, കൂട്ടായ്മ, നേതൃത്വപാടവം, ആത്മവിശ്വാസം തുടങ്ങിയ ജീവിതമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും അത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂളിലെ വിദ്യാർത്ഥികളുടെ കായിക കഴിവുകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിലും വിവിധ കായിക മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിലും ജിബി.വി. പെരേപ്പാടൻ നൽകിയ സംഭാവനകൾ പ്രത്യേകം പരാമർശിച്ച മന്ത്രി, സംസ്ഥാനതല പുരസ്കാരം അദ്ദേഹത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനമാകട്ടെയെന്നും ആശംസിച്ചു.
അന്നനാട് ജംഗ്ഷനിൽ നിന്ന് വർണ്ണാഭമായ ഘോഷയാത്രയോടെയാണ് വിശിഷ്ടാതിഥികളെയും പുരസ്കാര ജേതാവിനെയും പരിപാടി വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ഘോഷയാത്രയിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോളി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ആർ. രവീന്ദ്രൻ, സ്കൂൾ മാനേജർ ഐ.കെ. ഗോവിന്ദ്, പ്രിൻസിപ്പൽ ഐ. ജയ, പ്രധാനാധ്യാപിക എം.പി. മാലിനി, പി.ടി.എ. പ്രസിഡന്റ് പി.ആർ. രാജേഷ്, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം. രാജഗോപാൽ, രജിത ഷൈജു, കെ.കെ. ലിൻസി എന്നിവർ പ്രസംഗിച്ചു.
ആദരവിന് നന്ദി രേഖപ്പെടുത്തി പുരസ്കാര ജേതാവ് ജിബി.വി. പെരേപ്പാടൻ മറുപടി പ്രസംഗം നടത്തി. വിദ്യാർത്ഥികളുടെ കായിക കഴിവുകൾ വളർത്തുന്നതിനും കൂടുതൽ കുട്ടികളെ കായികരംഗത്തേക്ക് ആകർഷിക്കുന്നതിനും തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ്ഡെസ്ക് കേരളടൈംസ്.





