ചാലക്കുടി: മനുഷ്യർ ചരിത്രത്തിലുടനീളം നിരവധി ക്രൂരതകൾക്കും ദുരിതങ്ങൾക്കും സംഘർഷങ്ങൾക്കും വിധേയരായിട്ടും ഇന്നും ജീവിതത്തെ പ്രതീക്ഷയോടെ സമീപിക്കുകയും ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ടുപോകുകയും ചെയ്യുന്നതിന് കഥകൾക്കും സാഹിത്യത്തിനും വലിയ പങ്കുണ്ടെന്ന് കവി പി. എൻ. ഗോപീകൃഷ്ണൻ പറഞ്ഞു.
മനുഷ്യന്റെ അനുഭവങ്ങളെയും ജീവിതസംഘർഷങ്ങളെയും പ്രതീക്ഷകളെയും ഭാവനയിലൂടെ അവതരിപ്പിക്കുന്ന കഥകൾ ഓരോ കാലഘട്ടത്തിലും സമൂഹത്തിന് പുതിയ കാഴ്ചപ്പാടുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും മനുഷ്യനിലെ നന്മയിലുള്ള വിശ്വാസവും നിലനിർത്തുന്നതിൽ കഥകൾക്ക് നിർണായകമായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വത്സലൻ വാതുശ്ശേരിയുടെ ‘അപരലോകം’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പി. എൻ. ഗോപീകൃഷ്ണൻ. ഷാഫി പൂവത്തിങ്കൽ പുസ്തകം ഏറ്റുവാങ്ങി.
ചടങ്ങിൽ പ്രഫ. കെ. ജി. നാരായണൻ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് എം. ജി. ബാബു, ഡോ. എസ്. സവിത, ഡോ. ബി. പാർവതി, വത്സലൻ വാതുശ്ശേരി എന്നിവർ പ്രസംഗിച്ചു.
കഥ മനുഷ്യന് ശുഭാപ്തിവിശ്വാസം നൽകുന്നു– പി. എൻ. ഗോപീകൃഷ്ണൻ




